റ്റിമ്മി എന്ന പൂച്ചക്കുട്ടി സുഖം പ്രാപിക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയിലാണെന്നു കരുതി, ഉടമ അതിനെ ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാക്കി. അവര്‍ അതിനെ ചികിത്സിച്ച് ആരോഗ്യത്തിലേക്കു തിരികെ കൊണ്ടുവന്നശേഷം, മൃഗഡോക്ടര്‍ അതിനെ ദത്തെടുത്തു. തുടര്‍ന്ന് അത് അഭയകേന്ദ്രത്തിലെ മുഴുസമയ അന്തേവാസിയായിത്തീര്‍ന്നു. ഇപ്പോള്‍ അത് തന്റെ ഹൃദ്യമായ സാന്നിധ്യം കൊണ്ടും സൗമ്യമായ മുരള്‍ച്ചകൊണ്ടും, ശസ്ത്രക്രിയ കഴിഞ്ഞതോ അല്ലെങ്കില്‍ രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നതോ ആയ പൂച്ചകളെയും നായ്ക്കളെയും ആശ്വസിപ്പിച്ചുകൊണ്ടു സമയം ചെലവഴിക്കുന്നു.
നമ്മുടെ സ്നേഹവാനായ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അതിനു പകരമായി മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തുചെയ്യാനാകുമെന്നും ഉള്ളതിന്റെ ഒരു ചെറിയ ചിത്രമാണ് ആ കഥ. നമ്മുടെ രോഗങ്ങളിലും പോരാട്ടങ്ങളിലും അവിടുന്നു നമ്മെ പരിപാലിക്കുകയും അവിടുത്തെ സാന്നിധ്യത്താല്‍ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 2 കൊരിന്ത്യരില്‍, അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ദൈവത്തെ ‘മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവും’ എന്നു വിളിക്കുന്നു (1: 3). നാം നിരുത്സാഹപ്പെടുകയോ വിഷാദം അനുഭവിക്കുകയോ മോശമായ പെരുമാറ്റം നേരിടുകയോ ചെയ്യുമ്പോള്‍, അവിടുന്നു നമുക്കായി അവിടെയുണ്ട്. പ്രാര്‍ത്ഥനയില്‍ നാം അവിടുത്തെ സന്നിധിയിലേക്കു തിരിയുമ്പോള്‍, ‘നമ്മുടെ കഷ്ടത്തില്‍ ഒക്കെയും അവന് നമ്മെ ആശ്വസിപ്പിക്കുന്നു’ (വാ. 4).
പക്ഷേ, 4-ാം വാക്യം അവിടെ അവസാനിക്കുന്നില്ല. തീവ്രമായ കഷ്ടതകള്‍ അനുഭവിച്ച പൗലൊസ് തുടരുന്നു, ‘ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാന്‍ ശക്തരാകേണ്ടതിനാണത്.” നമ്മുടെ പിതാവു നമ്മെ ആശ്വസിപ്പിക്കുകയും, നാം അവിടുത്തെ ആശ്വാസം അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ നാം പ്രാപ്തരാകയും ചെയ്യുന്നു.
നമുക്കുവേണ്ടി കഷ്ടം സഹിച്ച നമ്മുടെ മനസ്സലിവുള്ള രക്ഷകന്, നമ്മുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവനാണ് (വാ. 5). നമ്മുടെ വേദനയിലൂടെ അവിടുന്നു നമ്മെ സഹായിക്കുകയും മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാന്‍ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു.
എപ്പോഴാണ് ദുഷ്കരമായ ഒരു സമയത്തു നിങ്ങള്‍ ദൈവത്തിന്റെ ആശ്വാസം അനുഭവിച്ചത്? എപ്പോഴാണു നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ദൈവത്തിന്റെ ആശ്വാസം വാഗ്ദാനം ചെയ്തത്?
പ്രിയ ദൈവമേ, എന്റെ വേദനയിലും സങ്കടത്തിലും അങ്ങയുടെ ആശ്വസിപ്പിക്കുന്ന സാന്നിധ്യത്തിനു നന്ദി! മറ്റുള്ളവര്‍ക്ക് ആശ്വാസമായി മാറാന്‍ എന്നെ സഹായിക്കണമേ.