ഓസ്ട്രേലിയയിലെ പെര്‍ത്തില്‍, ആസക്തികളോടു മല്ലിടുന്ന ആളുകള്‍ സഹായം തേടിയെത്തുന്ന, ഷാലോം ഹൗസ് എന്നൊരു സ്ഥലമുണ്ട്. ശാലോം ഹൗസില്‍, അവരോടു കരുതലും സ്നേഹവും കാണിക്കുന്ന സ്റ്റാഫിനെ അവര്‍ കണ്ടുമുട്ടുന്നു; അവര്‍ അവര്‍ക്ക് ദൈവത്തിന്റെ ഷാലോമിനെ (സമാധാനത്തിനുള്ള എബ്രായപദം) പരിചയപ്പെടുത്തുന്നു. മയക്കുമരുന്ന്, മദ്യം, ചൂതാട്ടം, മറ്റു വിനാശകരമായ ശീലങ്ങള്‍ എന്നിവയുടെ ആസക്തിക്കു കീഴില്‍ തകരുന്ന ജീവിതങ്ങള്‍ ദൈവസ്നേഹത്താല്‍ രൂപാന്തരപ്പെടുന്നു.
ഈ രൂപാന്തരത്തിന്റെ കേന്ദ്രം എന്നത് ക്രൂശിന്റെ സന്ദേശമാണ്. യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സ്വന്തം ജീവിതത്തെ ഉയിര്ത്തെഴുന്നേല്പിക്കാമെന്ന് ഷാലോം ഹൗസിലെ തകര്‍ന്ന ആളുകള്‍ കണ്ടെത്തുന്നു. ക്രിസ്തുവില്‍, നാം യഥാര്‍ത്ഥ സമാധാനവും സൗഖ്യവും നേടുന്നു.
സമാധാനം എന്നത്, കേവലം പ്രശ്നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്. നമുക്കെല്ലാവര്‍ക്കും ഈ ഷാലോം ആവശ്യമാണ്, അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്. ഇക്കാരണത്താലാണു പൗലൊസ്, ഗലാത്യരെ ആത്മാവിന്റെ രൂപാന്തര പ്രവൃത്തിയിലേക്കു വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്നേഹം, സന്തോഷം, ക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലം അവിടുന്നു നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു (ഗലാത്യര്‍ 5:22-23). യഥാര്‍ത്ഥവും നിലനില്ക്കുന്നതുമായ സമാധാനം എന്ന ആ നിര്‍ണ്ണായക ഘടകം അവിടുന്നു നമുക്കു നല്കുന്നു.
ദൈവത്തിന്റെ ഷാലോമില്‍ ജീവിക്കാന്‍ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്ഗ്ഗീയപിതാവിന്റെയടുക്കല് കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. അതാകട്ടെ, നമ്മുടെ ‘ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കുന്ന” ”സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം” (ഫിലിപ്പിയര്‍ 4:7) നമുക്കു നല്കുന്നു.
ക്രിസ്തുവിന്റെ ആത്മാവില്‍, നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥ ഷാലോം അനുഭവിക്കുന്നു.
എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളില്‍നിന്നു ദൈവിക സമാധാനം കവര്‍ന്നെടുക്കുന്നത്? നിങ്ങളുടെ ഹൃദയത്തില്‍ തന്റെ സമാധാനം സൃഷ്ടിക്കാന്‍ ആത്മാവിനെ നിങ്ങള്‍ എങ്ങനെ അനുവദിക്കും?
സമാധാനത്തിന്റെ ദൈവമേ, എന്റെ ജീവിതത്തില്‍ സമാധാനം വാഴണമെന്നാണ് അങ്ങയുടെ ആഗ്രഹം എന്നതിനു ഞാന്‍ നന്ദി പറയുന്നു. സമാധാനം ലഭ്യമാക്കാനുള്ള യേശുവിന്റെ പ്രവൃത്തിക്കും എന്റെ ജീവിതത്തില്‍ സമാധാനം നല്കുന്ന ആത്മാവിന്റെ പ്രവൃത്തിക്കുമായി അങ്ങേയ്ക്കു ഞാന്‍ നന്ദി പറയുന്നു!
കൂടുതല്‍ പഠനത്തിനായി വായിക്കുക: ഗലാത്യലേഖനത്തിലൂടെ ദൈവത്തെ അറിയുക, DiscoverySeries.org/SB224.