ദിനോസറുകള്‍ ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നുവെന്നാണു നിങ്ങള്‍ സങ്കല്പിക്കുന്നത്? വലിയ പല്ലുകള്‍? ശല്ക്കങ്ങള് നിറഞ്ഞ ത്വക്ക്? നീണ്ട വാല്? വംശനാശം സംഭവിച്ച ഈ ജീവികളെ ഒരു കലാകാരി വലിയ ചുവര്‍ച്ചിത്രങ്ങളില്‍ പുനര്‍നിര്‍മ്മിക്കുന്നു. അവളുടെ വലിയ ചിത്രങ്ങളിലൊന്നിന് ഇരുപതടിയിലധികം ഉയരവും അറുപതടി നീളവുമുണ്ട്. അതിന്റെ വലിപ്പം കാരണം, സാം നോബിള്‍ ഒക്ലഹോമ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ അതു സ്ഥാപിക്കുന്നതിനായി വിദഗ്ധരുടെ ഒരു വലിയ സംഘം വേണ്ടിവന്നു.
ദിനോസറുകളുടെ മുമ്പില്‍ നാം എത്ര ചെറുതാണ് എന്നു ചിന്തിക്കാതെ, ഈ ചുവര്‍ച്ചിത്രത്തിനു മുമ്പില്‍ നില്ക്കാന് പ്രയാസമാണ്. ”നദീഹയം” (ഇയ്യോബ് 40:15) എന്ന ശക്തനായ മൃഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിവരണം വായിക്കുമ്പോള്‍ എനിക്കു സമാനമായ ഒരു തോന്നലാണുണ്ടാകുന്നത്. ഈ ഭീമന് കക്ഷി, കാളയെപ്പോലെ പുല്ലുതിന്നുന്നതാണ്; അതിന്റെ വാലിന് ഒരു മരത്തിന്റെ വലിപ്പമുണ്ട്. അവന്റെ അസ്ഥികള്‍ ഇരുമ്പ് പൈപ്പുകള്‍ പോലെയായിരുന്നു. അതു കുന്നിന് ചരിവില്‍ മേഞ്ഞുനടക്കുകയും ഇടയ്ക്കിടെ ചതുപ്പിലിറങ്ങി വിശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നദീഹയം ഒരിക്കലും പുരികം ചുളിച്ചില്ല.
ഈ അസാധാരണ സൃഷ്ടിയെ അതിന്റെ സ്രഷ്ടാവിനൊഴികെ ആര്‍ക്കും മെരുക്കുവാന്‍ കഴിയില്ല (വാ. 19). ഇയ്യോബിന്റെ പ്രശ്നങ്ങള്‍ അവന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു സമയത്താണ് ദൈവം ഈ സത്യം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചത്. ദുഃഖവും പരിഭ്രാന്തിയും നിരാശയും അവന്റെ കാഴ്ചപ്പാടിനെ തടഞ്ഞപ്പോള്‍ അവന് ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം, ഇയ്യോബിനെ കാര്യങ്ങളുടെ യഥാര്‍ത്ഥ വലിപ്പം കാണാന്‍ സഹായിച്ചു. ദൈവം തന്റെ എല്ലാ പ്രശ്നങ്ങളെക്കാളും വലിയവനും തനിക്കു സ്വന്തമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തനുമായിരുന്നു. അവസാനം, ”നിനക്കു സകലവും കഴിയുമെന്നും … ഞാന്‍ അറിയുന്നു” (42:2) എന്ന് ഇയ്യോബ് സമ്മതിച്ചു.
ഏതാണു വലുത്, നിങ്ങളുടെ ഏറ്റവും മോശം പ്രശ്നമോ, അതോ സകലത്തെയും സൃഷ്ടിച്ച ദൈവമോ? ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം, നിങ്ങള്‍ പ്രശ്നങ്ങളം കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെയാണു ബാധിക്കുക?
പ്രിയ ദൈവമേ, ഇന്നു ഞാന്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളില്‍ അങ്ങേയ്ക്കെന്നെ സഹായിക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പ്രശ്നങ്ങളാല്‍ വലയുമ്പോള്‍, അങ്ങയുടെ ശക്തിയും നന്മയും സ്വീകരിക്കാന്‍ എന്നെ സഹായിക്കണമേ.