ലിയോ ടോള്‍സ്റ്റോയിയുടെ ഫാമിലി ഹാപ്പിനെസ് എന്ന നോവലില്‍, പ്രധാന കഥാപാത്രങ്ങളായ സെര്‍ജിയും മാഷയും, മാഷ ചെറുപ്പവും ആകര്‍ഷകയുമായിരുന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. മാഷ ഗ്രാമീണ പശ്ചാത്തലത്തിലുള്ള തനി നാടന്‍ പെണ്‍കുട്ടിയാണ്. സെര്‍ജിയാകട്ടെ പ്രായമുള്ളവനും ധാരാളം യാത്ര ചെയ്യുന്നവനും ലോകപരിചയമുള്ളവനുമായ ബിസ്സിനസുകാരനും. കാലക്രമേണ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു.
അവര്‍ നാട്ടിന്പുറത്തു സ്ഥിരതാമസമാക്കുന്നു, പക്ഷേ മാഷയ്ക്ക് അവളുടെ ചുറ്റുപാടുകളില്‍ മടുപ്പുളവാകുന്നു. അവളെ ആരാധിക്കുന്ന സെര്‍ജി, സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലേക്ക് ഒരു യാത്ര ക്രമീകരിക്കുന്നു. അവിടെ, മാഷയുടെ സൗന്ദര്യവും മനോഹാരിതയും അവളെ തല്‍ക്ഷണം പ്രശസ്തയാക്കുന്നു. ദമ്പതികള്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറാകുന്നതിനിടയില്‍, ഒരു രാജകുമാരന് അവളെ കാണാന്‍ ആഗ്രഹിച്ച് പട്ടണത്തിലെത്തുന്നു. മാഷയെ നിര്‍ബന്ധിച്ച് തന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നു സെര്‍ജിക്ക് അറിയാമെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അയാള്‍ അവളെ അനുവദിക്കുന്നു. അവള് രാജകുമാരനോടൊപ്പം താമസിക്കുന്നതു തിരഞ്ഞെടുക്കുന്നു, അവളുടെ വിശ്വാസവഞ്ചന സെര്‍ജിയുടെ ഹൃദയത്തെ തകര്‍ക്കുന്നു.
സെര്‍ജി ചെയ്തതുപോലെ, തന്നോടു വിശ്വസ്തരായിരിക്കാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നു നമ്മെ സ്നേഹിക്കുന്നതിനാല്‍ അവിടുത്തെ തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ അവിടുന്നു നമ്മെ അനുവദിക്കുന്നു. നമ്മുടെ ആദ്യ തിരഞ്ഞെടുപ്പ് നമ്മുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്ന തന്റെ പുത്രനായ യേശുക്രിസ്തുവിനെ ( യോഹന്നാന് 4:9-10) നാം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. അതിനുശേഷവും, നമുക്ക് ആജീവനാന്തം തീരുമാനമെടുക്കാനുണ്ട്.
ദൈവത്തിന്റെ ആത്മാവു നമ്മെ നയിക്കുന്നതുപോലെ നാം ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുമോ അതോ ലോകം നമ്മെ വശീകരിക്കാന്‍ അനുവദിക്കുമോ? ദാവീദിന്റെ ജീവിതം പൂര്‍ണ്ണതയുള്ളതായിരുന്നില്ല, എന്നാല്‍ ‘യഹോവയുടെ വഴികള്‍’ പിന്തുടരുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നല്ല ഫലങ്ങളെക്കുറിച്ചും അവന് പലപ്പോഴും എഴുതിയിട്ടുണ്ട് (സങ്കീര്‍ത്തനം 18:21-24). നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തെ ബഹുമാനിക്കുമ്പോള്‍, ദാവീദ് വിവരിച്ച അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയും – നിഷ്കളങ്കനോടു നീ നിഷ്കളങ്കനായിരിക്കും.
ദൈവത്തെ ബഹുമാനിക്കാനുള്ള പ്രയാസകരമായ തീരുമാനം നിങ്ങള്‍ അവസാനമായി എടുത്തത് എപ്പോഴാണ്? ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ഇത് എങ്ങനെയാണു ബാധിച്ചത്?
പ്രിയ ദൈവമേ, ഞാന്‍ എടുക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ അങ്ങയെ ബഹുമാനിക്കാന്‍ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലുടനീളം എന്നെ വിശ്വസ്തതയോടെ സ്നേഹിച്ചതിനു നന്ദി പറയുന്നു!