ഒരു പാസ്റ്ററായിരുന്ന പ്രിസിന്റെ പിതാവ്, ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപിൽ മിഷണറിയായി പോകുവാനുള്ള ദൈവവിളി അനുസരിച്ചപ്പോൾ, അവരുടെ കുടുംബം താമസിച്ചത് വളർത്തുമൃഗങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡിലായിരുന്നു. ഒരിക്കൽ അവരുടെ കുടുംബം ക്രിസ്തുമസ് ആഘോഷിക്കുവാനായി നിലത്തിരുന്ന് പാട്ടുപാടി സ്തുതിച്ചുകൊണ്ടിരുന്നപ്പോൾ പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങിയത് പ്രിസ് ഓർക്കുന്നു. അപ്പോൾ അവളുടെ പിതാവ് അവളെ ഓർമ്മപ്പെടുത്തി: “പ്രിസ്, നമ്മൾ ദരിദ്രരാണ് എന്നതുകൊണ്ട് ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്ന് അർത്ഥമില്ല”.
ധാരാളം സമ്പത്തും ആരോഗ്യവും ദീർഘായുസ്സും ഒക്കെയുള്ളതിനെയാണ് ചിലർ ദൈവാനുഗ്രഹമുള്ള ജീവിതമായി കാണുന്നത്. അതുകൊണ്ട് തന്നെ, പ്രയാസഘട്ടങ്ങളിൽ ദൈവം തങ്ങളെ സ്നേഹിക്കുന്നില്ലേയെന്ന് അവർ സന്ദേഹിക്കും. എന്നാൽ റോമർ 8:31-39 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് കഷ്ടതയോ പട്ടിണിയോ നഗ്നതയോ ആപത്തോ ഉപദ്രവമോ യാതൊന്നിനും യേശുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ കഴിയുകയില്ല എന്നാണ് (വാ.35). ഇതാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന്റെ അടിസ്ഥാനം: ദൈവം തന്റെ പുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കാൻ അയച്ചതിലൂടെ നമ്മോടുള്ള സ്നേഹം പ്രകടമാക്കി. (വാ.32) ക്രിസ്തു മരിച്ചവരിൽ നിന്നുയിർത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യാനായി “പിതാവിന്റെ വലത്തുഭാഗത്ത് ” ഇരിക്കുകയാണ്. (വാ.34)
നമ്മുടെ പ്രയാസ വേളകളിൽ, ക്രിസ്തു നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലാണ് നമ്മുടെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന സത്യത്തെ മുറുകെപ്പിടിച്ച് ആശ്വാസം പ്രാപിക്കാം. യാതൊന്നിനും – “മരണത്തിനോ ജീവനോ … മറ്റ് യാതൊരു സൃഷ്ടിക്കോ” ( വാ. 8,39) – ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയില്ല. നമ്മുടെ സാഹചര്യം ഏതുമാകട്ടെ, പ്രതിസന്ധി ഏതുമാകട്ടെ, ദൈവം നമ്മോടു കൂടെയുണ്ട് എന്നും യാതൊന്നിനും നമ്മെ ദൈവവുമായി വേർപിരിക്കാനാകില്ല എന്നും നമുക്ക് മറക്കാതിരിക്കാം.
യേശുവിന്റെ സ്നേഹത്തിൽ നിന്നും യാതൊന്നിനും നിങ്ങളെ വേർപിരിക്കാനാകില്ല എന്ന കാര്യം നിങ്ങളെ തന്നെ ഓർമ്മപ്പെടുത്താൻ എങ്ങനെ സാധിക്കും? ജീവിതത്തിന്റെ വെല്ലുവിളികളോട് പ്രതികരിക്കുന്ന രീതികളെ സത്യത്തെക്കുറിച്ചുള്ള ഈ ബോധ്യം, എങ്ങനെ സ്വാധീനിക്കുന്നു?
സ്വർഗീയ പിതാവേ, അങ്ങയുടെ സ്നേഹത്തെ കൂടുതലായി അറിയുവാൻ എന്റെ കണ്ണുകളും ഹൃദയവും തുറക്കുകയും, എന്റെ ജീവിതത്തിന് അങ്ങയുടെ സ്നേഹം മാത്രം മതിയെന്ന് ഗ്രഹിക്കുവാൻ എന്നെ സഹായിക്കയും ചെയ്യേണമേ.