2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. “കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു ” എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല … ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. “

സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: ” അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. ” (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.

“യഹോവ … അരുളിച്ചെയ്തു ” എന്നാൽ ” .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല” ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)

ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.