15 വയസ്സുള്ള ആ പെൺകുട്ടി , ടീഷർട്ടിന്റെ നീളൻ കൈ സ്വയം പീഡിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവർ ചെയ്യുന്നതു പോലെ ചുരുട്ടി വച്ചിരിക്കുന്നത് മന:ശാസ്ത്രജ്ഞ ശ്രദ്ധിച്ചു.അവൾ തന്റെ ഉടുപ്പിന്റെ കൈ പുറകോട്ട് മാറ്റിയപ്പോൾ കയ്യിൽ “എംപ്റ്റി ” ( ശൂന്യ) എന്ന് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞിരിക്കുന്നത് കണ്ടു. ലെവിനയ്ക്ക് വലിയ ദുഃഖം തോന്നി; എങ്കിലും പെൺകുട്ടി അവളുടെ പ്രശ്നപരിഹാരത്തിനുള്ള സഹായം സ്വീകരിക്കാൻ തയ്യാറായിരുന്നു എന്നതിൽ സന്തോഷവും തോന്നി.
ഒരർത്ഥത്തിൽ, ഹൃദയത്തിൽ “എംപ്റ്റി ” എന്ന് കൊത്തി വെച്ചിരിക്കുന്ന പലരുടെയും പ്രതീകമാണ് ആ പെൺകുട്ടി. യേശു വന്നത് ഈ ശൂന്യതയെ നികത്തി ” സമൃദ്ധി ” (യോഹന്നാൻ 10:10) വരുത്തുന്നതിനാണെന്നാണ് യോഹന്നാൻ എഴുതിയത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു പൂർണ്ണ ജീവിതത്തിനുള്ള അഭിവാഞ്ഛ ദൈവം വെച്ചിട്ടുണ്ട്; എല്ലാവരും തന്നോടുള്ള സ്നേഹബന്ധമനുഭവിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. എന്നാൽ “കള്ളൻ ” വന്ന് , മനുഷ്യരെയും വസ്തുക്കളെയും സാഹചര്യങ്ങളെയും ഒക്കെ ഉപയോഗിച്ച് , അവരുടെ ജീവിതങ്ങളെ താറുമാറാക്കാൻ ശ്രമിക്കുമെന്നും കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ( വാ . 1,10 ) ജീവിതം നല്കാം എന്ന് പറഞ്ഞു വരുന്ന പലരും കാപട്യവും അനുകരണവുമാകാം. എന്നാൽ യേശു വാഗ്ദാനം ചെയ്യുന്ന “നിത്യജീവൻ ” യഥാർത്ഥമായതാണ് ; “ആരും [നമ്മെ] അവന്റെ കൈയിൽ നിന്നു തട്ടിയെടുക്കുകയില്ല” ( വാ . 28 ).
നമ്മുടെ ഹൃദയങ്ങളിലെ ശൂന്യതയിൽ ജീവൻ പകരാൻ യേശുവിന് മാത്രമേ കഴിയൂ. നിങ്ങൾ ശൂന്യത അനുഭവിക്കുന്നെങ്കിൽ ഇന്ന് തന്നെ അവനെ വിളിച്ചപേക്ഷിക്കുക. നിങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ദൈവീക ആലോചനകളെ പ്രാപിക്കുക. ക്രിസ്തുവിന് മാത്രമാണ് സമ്പൂർണ്ണവും സമൃദ്ധവുമായ ജീവിതം പ്രദാനം ചെയ്യാനാകുകയുള്ളൂ; അവനിൽ മാത്രമാണ് ജീവിതത്തിന് ശരിയായ അർത്ഥവും കണ്ടെത്താൻ കഴിയൂ.
പ്രാധാന്യവും ഉത്തേജനവും തേടിയുള്ള യാത്രയിൽ നിങ്ങളെ നിരാശപ്പെടുത്തിയവ എന്തൊക്കെയാണ്? യേശു നിങ്ങളുടെ ജീവിതത്തെ നിറച്ചത് എങ്ങനെയാണ്?
യേശുവേ, അവിടുന്ന് എനിക്ക് സമ്പൂർണ്ണവും സമൃദ്ധവുമായ ഒരു ജീവിതം ദാനം ചെയ്തിരിക്കെ, അങ്ങിൽ നിന്ന് എന്നെ അകറ്റുന്ന,സംതൃപ്തി നൽകുമെന്ന് കരുതുന്ന പ്രലോഭനങ്ങളെ, എതിർത്തു നിൽക്കാൻ എന്നെ സഹായിക്കണമേ.