സമൂഹമാധ്യമങ്ങളിലെ അതികായകരായ റ്റ്വിറ്റർ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ചെറിയ ശബ്ദ ശകലങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി. എന്നാൽ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത അഭിപ്രായങ്ങളും ജീവിത ശൈലികളും ഉള്ളവരെ അധിക്ഷേപിക്കാനായി ആളുകൾ റ്റ്വിറ്ററിനെ ഉപയോഗപ്പെടുത്തി തുടങ്ങിയതോടെ ഈ ഫോർമുല കൂടുതൽ സങ്കീർണ്ണമായി. എപ്പോൾ ആ പ്ലാറ്റ്ഫോമിൽ ലോഗ് ഓൺ ചെയ്തു കയറിയാലും ആരുടെയെങ്കിലും പേര് “ട്രെന്റിങ്ങ്’’ ആയിരിക്കും. ആ പേരിൽ ക്ലിക്ക് ചെയ്താൽ ഉയർന്നുവന്ന ഏതു വിവാദത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം.

ധരിക്കുന്ന വസ്ത്രം മുതൽ ആളുകൾ മുറുകെപ്പിടിക്കുന്ന വിശ്വാസം വരെ എല്ലാത്തിനേയും പരസ്യമായി വിമർശിക്കാൻ നാം പഠിച്ചു. എന്നാൽ, നമ്മെ യേശുവിലെ വിശ്വാസികളായി വിളിച്ച ദൈവവുമായി ചേരാത്തതാണ് വിമര്‍ശനാത്മകമായ സ്നേഹമില്ലാത്ത മനോഭാവം എന്നതാണ് യാഥാർത്ഥ്യം. അഭിപ്രായവ്യത്യാസങ്ങളെ കൈകാര്യം ചെയ്യേണ്ട സമയങ്ങൾ നമുക്ക് ഉണ്ടാകാമെങ്കിലും വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്, വിശ്വാസികളെന്ന നിലയിൽ നാം എല്ലായ്പ്പോഴും “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ“(കൊലൊസ്സ്യർ 3:12) എന്നിവയോടെ പെരുമാറണം എന്നാണ്. നമ്മുടെ ശത്രുക്കളെപ്പോലും കഠിനമായി വിമർശിക്കുന്നതിനു പകരം, “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ” (വാ. 12, 13) എന്നതാണ് ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

നാം യോജിക്കുന്ന ജീവിത ശൈലിയും വിശ്വാസങ്ങളും ഉള്ളവരോടു മാത്രമായി ഒതുങ്ങേണ്ടതല്ല ഈ ഇടപെടൽ. വിഷമകരമാണെങ്കിലും, അവന്റെ സ്നേഹത്താൽ നാം വീണ്ടെടുക്കപ്പെട്ടു എന്ന തിരിച്ചറിവിൽ, ക്രിസ്തു നമ്മെ നടത്തുന്നതു പോലെ നാം കണ്ടുമുട്ടുന്ന എല്ലാവറിലേക്കും കൃപയും സ്നേഹവും വ്യാപിപ്പിക്കാം.