ക്യാൻസറുമായി മല്ലിടുന്ന കാൾനു ഇരട്ട ശ്വാസകോശമാറ്റം ആവശ്യമായിരുന്നു. അവൻ ദൈവത്തോട് പുതിയൊരു ശ്വാസകോശത്തിനായി പ്രാർത്ഥിച്ചുവെങ്കിലും അങ്ങനെ ചെയ്തതിൽ അവന് വിഷമം തോന്നി.ആ പ്രാർത്ഥന അയാൾക്കു വിചിത്രമായി തോന്നി, കാരണം “എനിക്ക് ജീവിക്കുവാൻ മറ്റൊരാൾ മരിക്കണം”.
കാൾന്റെ ധർമ്മസങ്കടം തിരുവെഴുത്തിലെ ഒരു പ്രാഥമിക സത്യം ഉയർത്തിക്കാണിക്കുന്നു: ദൈവം ജീവൻ നൽകുവാൻ മരണത്തെ ഉപയോഗിക്കുന്നു. പുറപ്പാടിന്റെ ചരിത്രത്തിൽ നാമിതു കാണുന്നുണ്ട്. അടിമത്തത്തിൽ ജനിച്ച യിസ്രായേല്യർ അടിച്ചമർത്തലിൽ തളർന്നു. ദൈവം ഇതിനെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്നതുവരെ ഫറവോൻ അയവുവരുത്തിയില്ല. ഊനമില്ലാത്തെ ആട്ടിൻകുട്ടിയെ അറുത്ത് അതിന്റെ രക്തം കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ എല്ലാ ആദ്യജാതനും കൊല്ലപ്പെടുമായിരുന്നു (പുറപ്പാട് 12:6–7).
ഇന്ന് നിങ്ങളും ഞാനും പാപത്തിന്റെ അടിമത്തത്തിലാണ് ജനിച്ചത്. ദൈവം ഇത് വ്യക്തിപരമായി എടുത്ത്, തന്റെ ഊനമില്ലാത്ത പുത്രനെ രക്തം പുരണ്ട കുരിശിന്റെ കൈകളിൽ ബലിയർപ്പിക്കുന്നതുവരെ സാത്താൻ തന്റെ പിടി വിടില്ലായിരുന്നു.
അവിടെ തന്നോടൊപ്പം ചേരാൻ യേശു നമ്മെ വിളിക്കുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാത്യർ 2:20) എന്ന് പൗലോസ് വിശദീകരിച്ചു. നാം നമ്മുടെ വിശ്വാസം ദൈവത്തിന്റെ ഊനമില്ലാത്ത കുഞ്ഞാടിൽ വെക്കുമ്പോൾ, നാം ദിവസവും അവനോടു കൂടെ മരിക്കുവാൻ അർപ്പിക്കുകയാണ്—അവനോടൊപ്പം പുതു ജീവനിലേക്ക് ഉയിർക്കുവാനായി നാം പാപത്തിനു മരിക്കുന്നു. (റോമർ 6:4-5). പാപത്തിന്റെ ചങ്ങലകളോട് ഇല്ല എന്നും ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തോട് ഉവ്വ് എന്നും പറയുമ്പോഴെല്ലാം നാം ഈ വിശ്വാസത്തെ പ്രദർശിപ്പിക്കുന്നു. യേശുവിനൊപ്പം മരിക്കുന്നതിനേക്കാൾ അധികമായി നാം ഒരിക്കലും ജീവിക്കുന്നില്ല.
എന്തുകൊണ്ടാണ് മരണം ജീവനിലേക്കുള്ള ഏക വഴിയായിരിക്കുന്നത്? നിങ്ങൾക്കു പകരമായി യേശുവിന്റെ മരണം സ്വീകരിച്ചു എന്ന് നിങ്ങൾ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?
യേശുവേ, അങ്ങയുടെ മരണം എന്നിൽ ജീവൻ പകരുന്നു. പാപത്തിനു മരിച്ച് അങ്ങിലൂടെ ജീവിക്കുവാൻ ഇന്ന് എന്നെ സഹായിക്കേണമേ