വിജയിയായ ഒരു ബിസിനസുകാരൻ തന്റെ ജീവിതത്തിന്റെ അവസാന ദശാബ്ദങ്ങൾ തന്റെ സമ്പത്ത് സമ്മാനിക്കുവാനായി വിനിയോഗിച്ചു. കോടീശ്വരനായിരുന്ന അയാൾ വടക്കേ അയർലണ്ടിലെ സമാധാനശ്രമം, വിയറ്റ്നാമിലെ ആരോഗ്യസംവിധാനം അങ്ങനെ പലവിധ കാര്യങ്ങൾക്ക് പണം സംഭാവന ചെയ്തു. മരിക്കുന്നതിനു കുറച്ചു നാൾ മുൻപ് ന്യൂയോർക്കിലെ ഒരു ദ്വീപ് ഒരു ടെക്നോളജി ഹബ് ആക്കി മാറ്റാൻ അയാൾ 35 കോടി ഡോളർ ചിലവഴിച്ചു. ആ മനുഷ്യൻ പറഞ്ഞത് “ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൊടുക്കുന്നത് വൈകിപ്പിക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല… അതുമല്ല മരിച്ചതിനു ശേഷം കൊടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷകരമാണ് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നത്.” ജീവിച്ചിരിക്കുമ്പോൾ കൊടുക്കുക—എത്ര മനോഹരമായ മനോഭാവമാണ്.

ജന്മനാ അന്ധനായ മനുഷ്യനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണത്തിൽ, “ആര് പാപംചെയ്തു“ എന്ന് നിർണ്ണയിക്കാൻ യേശുവിന്റെ ശിഷ്യന്മാർ ശ്രമിക്കുകയായിരുന്നു. അവരുടെ ചോദ്യത്തെ സംബോധന ചെയ്തു യേശു പറഞ്ഞു, “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു“(വാ. 3–4). നമ്മുടെ പ്രവൃത്തി യേശുവിന്റെ അത്ഭുതങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണെങ്കിലും, എങ്ങനെ നമ്മെത്തന്നെ നൽകിയാലും, നമ്മൾ അത് ഒരുക്കത്തോടെയും സ്നേഹത്തിന്റെ ആത്മാവിലും ചെയ്യണം. സമയത്തിലൂടെയോ സമ്പത്തിലൂടെയോ പ്രവൃത്തികളിലൂടെയോ ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടണം എന്നതാകണം നമ്മുടെ ലക്ഷ്യം.

ദൈവം നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. തിരിച്ച് നമുക്കും ജീവിച്ചിരിക്കുമ്പോൾ നൽകാം.