ഞാൻ കണ്ണുകൾ മുറുക്കെയടച്ച് എണ്ണാൻ തുടങ്ങി. മൂന്നാം ക്ലാസ്സിലെ സഹപാഠികൾ ഒളിക്കാൻ സ്ഥലം അന്വേഷിച്ച് പാഞ്ഞു. ഒരോ അലമാരയും പെട്ടിയും അറകളും പരിശോദിച്ചതിനു ശേഷവും ഒരു സുഹൃത്തിനെ പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചുമരിൽ തൂക്കി ഇട്ടിരുന്ന ചിത്രപ്പുല്ല് ചെടിയുടെ പിന്നിൽ നിന്നും അവൾ പുറത്തു ചാടിയപ്പോൾ പരിഹാസ്യമായി തോന്നി. അവളുടെ തല മാത്രമായിരുന്നു ചെടികൊണ്ട് മറഞ്ഞിരുന്നത്—ശരീരം മുഴുവൻ പുറത്തു കാണാമായിരുന്നു!
ഏദൻ തോട്ടത്തിലായിരുന്ന ആദമും ഹവ്വയും ദൈവത്തിൽ നിന്നും “ഒളിച്ചപ്പോൾ” ദൈവം സർവ്വജ്ഞാനി ആകയാൽ, അവർ ദൈവത്തിന്റെ “കാഴ്ചയിൽ” തന്നെ ആയിരുന്നു (ഉല്പത്തി 3:8). പക്ഷേ അവർ എന്തെങ്കിലും കുട്ടിക്കളികൾ കളിക്കുകയായിരുന്നില്ല; ദൈവം തിന്നരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്നതു മൂലം അവർ അവരുടെ തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവും—ലജ്ജയും—പെട്ടന്ന് അനുഭവിക്കുകയായിരുന്നു.
ദൈവത്തിന്റെ കല്പന അനുസരിക്കാതിരുന്നപ്പോൾ ആദമും ഹവ്വയും ദൈവത്തിൽ നിന്നും അവിടുത്തെ സ്നേഹപൂർവ്വമായ കരുതലിൽ നിന്നും അകന്നു. ക്രോധത്താൽ അവരെ വിട്ട് പോകുന്നതിനു പകരം അവിടുന്ന് “നീ എവിടെ“ എന്ന് ചോദിച്ച് അവരെ തേടി ചെന്നു. അവർ എവിടെയാണെന്ന് അവിടുന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ അവരോടുള്ള ആർദ്ര കരുതൽ അവർ അറിയണമെന്ന് അവിടുന്ന് ആഗ്രഹിച്ചു(വാ. 9).
എനിക്ക് എന്റെ കൂട്ടുകാരി ഒളിച്ചിരുന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല, എന്നാൽ ദൈവം എപ്പോഴും നമ്മെ കാണുന്നു, നമ്മെ അറിയുന്നു—അവിടുത്തെ കണ്മുന്നിൽ തന്നെ ആണ് നമ്മൾ. ആദമിനേയും ഹവ്വയേയും തേടി വന്നതു പോലെ നമ്മേയും നാം “പാപികൾ ആയിരിക്കുമ്പോൾതന്നെ” യേശു തേടി വന്നു—ക്രൂശിൽ മരിച്ചു “നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (റോമർ 5:8). നമുക്കിനി ഒളിക്കേണ്ട കാര്യമില്ല.
എപ്പോഴാണ് നിങ്ങൾ ദൈവത്തിൽ നിന്നും “ഒളിക്കാൻ“ ശ്രമിച്ചിട്ടുള്ളത്? എങ്ങനെയാണ് അവിടുന്ന് നിങ്ങളെ തേടി വന്നത്?
പിതാവാം ദൈവമേ, ഞാൻ തെറ്റായ വഴികളിൽ നടന്നിട്ടും എന്നോടുള്ള സ്നേഹവും കരുതലും പ്രദർശിപ്പിച്ചതിനായി നന്ദി.