ആധുനിക ലോകത്തിലെ സമ്പൂർണ്ണതാവാദവും മത്തായിയിൽ പറഞ്ഞിരിക്കുന്ന “സൽഗുണസമ്പൂർണതയും” തമ്മിൽ താരതമ്യം ചെയ്ത്കൊണ്ട് കാത്ലീൻ നോറിസ് എഴുതി “എനിക്കറിയാവുന്ന വാക്കുകളിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന വാക്കുകളിൽ ഒന്നാണ് പരിപൂർണ്ണതാസിദ്ധാന്തം.” “ആവശ്യമായ റിസ്ക് എടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന ഒരു മാനസിക പീഡ” ആണ് ആധുനിക ലോകത്തിന്റെ പരിപൂര്ണ്ണതാസിദ്ധാന്തം എന്ന് അവർ വിവക്ഷിച്ചിരിക്കുന്നു. പക്ഷേ “സൽഗുണസമ്പൂർണത” എന്ന് മത്തായിയിൽ തർജ്ജമ ചെയ്തിരിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം പക്വത, മുഴുവൻ, പൂർണ്ണം എന്നൊക്കെയാണ്. “സമ്പൂർണ്ണരാകുക എന്നാൽ വളരാനുള്ള ഇടം കൊടുക്കുകയും മറ്റുള്ളവർക്ക് നൽകാൻ തക്കവണ്ണം പക്വതയുള്ളവരാകുകയും ചെയ്യുകയാണ്“ എന്ന് നോറിസ് ഉപസംഹരിക്കുന്നു.
ഇങ്ങനെ സൽഗുണസമ്പൂർണ്ണതയെ മനസ്സിലാക്കുന്നത് മത്തായി 19 ൽ പറഞ്ഞിരിക്കുന്ന “നിത്യജീവനെ പ്രാപിപ്പാൻ” താൻ എന്തു നന്മ ചെയ്യേണം എന്ന് ഒരു മനുഷ്യൻ യേശുവിനോട് ചോദിക്കുന്ന ഗഹനമായ കഥയെ ഗ്രഹിക്കുവാൻ സഹായിക്കും (വാ. 16). “കല്പനകളെ പ്രമാണിക്ക” എന്ന് യേശു ഉത്തരം പറഞ്ഞു (വാ. 17). ഇവയൊക്കെയും താൻ പ്രമാണിച്ചുപോരുന്നു എന്ന് ചിന്തിച്ച ആ മനുഷ്യൻ എന്തോ വിട്ട് പോയിട്ടുണ്ടെന്ന് മനസ്സിലാക്കി “കുറവുള്ളത് എന്ത്” എന്നു ചോദിച്ചു (വാ. 20).
അപ്പോഴാണ് യേശു ആ മനുഷ്യന്റെ ഹൃദയത്തെ ഞെരുക്കുന്ന തിന്മ സമ്പത്താണെന്ന് തിരിച്ചറിഞ്ഞത്. “സൽഗുണപൂർണൻ ആകുവാൻ” ഇച്ഛിക്കുന്നു എങ്കിൽ—ദൈവരാജ്യത്തിൽ ക്രയവിക്രയം ആഗ്രഹിക്കുന്നുവെങ്കിൽ—മറ്റുള്ളവരിൽ നിന്നും തന്റെ ഹൃദയത്തെ അടയ്ക്കുന്നതെന്തും ഉപേക്ഷിക്കണം (വാ. 21). എന്ന് അവിടുന്ന് പറഞ്ഞു.
സമ്പത്തോ ശീലങ്ങളോ പോലെ നിയന്ത്രിക്കാം എന്ന് വ്യാമോഹിപ്പിക്കുന്ന പരിപൂർണ്ണതയുടെ സ്വന്തം പതിപ്പുകൾ നമുക്കെല്ലാവർക്കും ഉണ്ട്. ഇന്ന്, കീഴടങ്ങാനുള്ള യേശുവിന്റെ സൗമ്യമായ ക്ഷണം കേൾക്കുക—അങ്ങനെ അവനിൽ മാത്രം സാധ്യമായ സമ്പൂർണ്ണതയിൽ സ്വാതന്ത്ര്യം കണ്ടെത്തുക (വാ. 26).
എപ്പോഴാണ് നിങ്ങൾ വ്യക്തിപരമായ ലക്ഷ്യങ്ങളെ ബൈബിളിലെ “സമ്പൂർണ്ണതയായി” തെറ്റിദ്ധരിച്ചിട്ടുള്ളത്? എങ്ങനെയാണ് നിയന്ത്രണം ദൈവത്തിനു വിട്ടുകൊടുക്കുന്നത് പരിപൂർണ്ണതാസിദ്ധാന്തത്തിൽ നിന്നും സ്വാതന്ത്ര്യം നൽകുന്നത്?
സ്നേഹവാനായ ദൈവമേ, പലപ്പോഴും സ്വയം മെച്ചപ്പെടുത്താനുള്ള ആഗ്രഹങ്ങളെ അങ്ങിൽ വളരുന്നതായി തെറ്റിദ്ധരിച്ചതിനു എന്നോട് ക്ഷമിക്കേണമേ! നിയന്ത്രണം അടിയറവെക്കാനും അങ്ങയെയും അങ്ങ് സ്നേഹിക്കുന്ന ജനത്തിന്റേയും കൂടെ സ്വാതന്ത്ര്യത്തിലുള്ള ജീവിതത്തെ ആശ്ലേഷിക്കാനും എന്നെ സഹായിക്കേണമേ.