എത്തിയൊ? /ഇതുവരെ ഇല്ല. / എത്തിയോ? / ഇതുവരെ ഇല്ല. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ നടത്തിയ ആദ്യത്തെ (തീർച്ചയായും അവസാനത്തേതല്ല) 16 മണിക്കൂർ മടക്കയാത്രയിൽ അങ്ങോട്ടുമിങ്ങോട്ടും കളിച്ച കളിയാണത്. മൂത്ത രണ്ടു കുട്ടികളും കളിയെ സജീവമാക്കി നിർത്തി. അവർ ചോദിക്കുന്ന ഒരോ തവണയും ഒരു രൂപ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒരു കൂന രൂപ ഉണ്ടായേനെ. കുട്ടികൾക്ക് അഭിനിവേശമായിരുന്നു ആ ചോദ്യത്തോട്, പക്ഷേ ഞാനും (ഡ്രൈവർ) ഒരുപോലെ ആശ്ചര്യത്തോടെ എത്തിയോ? എന്ന് ചിന്തിച്ചുകൊണ്ടിരുന്നു, ഉത്തരം ഇതുവരെ ഇല്ല, പക്ഷേ ഉടനേ.

സത്യം പറഞ്ഞാൽ, ഉച്ചത്തിൽ ചോദിച്ചില്ലെങ്കിലും മിക്ക മുതിർന്നവരും ഈ ചോദ്യത്തിന്റെ വകഭേതങ്ങളാണ് ചോദിക്കുന്നത്. പക്ഷേ നാം ഒരേ കാരണത്താലാണ് ചോദിക്കുന്നത്—നാം തളർന്നിരിക്കുന്നു, ദുഃഖംകൊണ്ട് നമ്മുടെ “കണ്ണ് കുഴിഞ്ഞിരിക്കുന്നു” (സങ്കീർത്തനങ്ങൾ 6:7). നാം സന്ധ്യാ വാർത്ത മുതൽ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും ഒരിക്കലും തീരാത്ത ആരോഗ്യപ്രശ്നങ്ങളും ബന്ധങ്ങളിലെ തകർച്ചയും തുടങ്ങി സകല കാര്യങ്ങളേയും കുറിച്ചുള്ള “ഞരക്കംകൊണ്ട് തകർന്നിരിക്കുന്നു” (വാ. 6). നാം നിലവിളിക്കുന്നു: “എത്തിയോ? എത്രത്തോളം? കർത്താവേ, എത്രത്തോളം?

സങ്കീർത്തനക്കാരനു ഈ ക്ഷീണാവസ്ഥയെ നന്നായി അറിയാം, അതുകൊണ്ട് ആ പ്രധാന ചോദ്യം സത്യസന്ധമായി ദൈവത്തോട് ചോദിക്കുന്നു. കരുതുന്ന പിതാവിനേപ്പോലെ അവൻ ദാവീദിന്റെ കരച്ചിൽ കേൾക്കുകയും അവന്റെ വലിയ കരുണയിൽ അവ കൈക്കൊള്ളുകയും ചെയ്തു (വാ. 9). ചോദിക്കാൻ ഒരു നാണക്കേടും ഇല്ലായിരുന്നു. അതുപോലെ എനിക്കും നിങ്ങൾക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് ധൈര്യത്തോടെ “എത്ര നാൾ?” എന്ന സത്യസന്ധമായ നിലവിളിയുമായി സമീപിക്കാം. അവന്റെ ഉത്തരം “ഇതുവരെ ആയില്ല, പക്ഷേ ഉടനേ, ഞാൻ നല്ലവനാണ്, എന്നിൽ ആശ്രയിക്കൂ“ എന്നാകാം.