“ക്ഷമിക്കണം,”തന്റെ കരച്ചിലിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സീമ പറഞ്ഞു. തന്റെ ഭർത്താവിന്റെ മരണശേഷം കൗമാരക്കാരായ തന്റെ കുട്ടികളെ നോക്കാൻ അവൾ പ്രയാസപ്പെട്ടു. ഒരിക്കൽ ചർച്ചിലെ ആളുകൾ അവൾക്ക് ഒരു ഒഴിവ് നൽകാൻ അവർക്ക് ഒരു വാരാന്ത്യ ക്യാമ്പിങ്ങ് നടത്തിയപ്പോൾ, സീമ കൃതജ്ഞതയോടെ വിതുമ്പി, തന്റെ കണ്ണുനീരിന് വീണ്ടും വീണ്ടും ക്ഷമ ചോദിച്ചു.
നമ്മളിൽ പലരും നമ്മുടെ കണ്ണുനീരിനു ക്ഷമ ചോദിക്കുന്നതെന്തിനാണ്? പരീശനായ ശീമോൻ യേശുവിനെ അത്താഴത്തിനു വിളിച്ചു. ഭക്ഷണത്തിനിടയിൽ, യേശു മേശയിലിരിക്കുന്ന നേരം പാപിയായ ഒരു സ്ത്രീ ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു. “പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി” (ലൂക്കോസ് 7:38). ഖേദമൊന്നുമില്ലാതെ ഈ സ്ത്രീ സ്വതന്ത്രമായി തന്റെ സ്നേഹം വെളുപ്പെടുത്തുകയും യേശുവിന്റെ കാൽ തുടക്കുവാൻ തലമുടി അഴിക്കയും ചെയ്തു. യേശുവിനോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞൊഴുകിയ അവൾ തന്റെ കണ്ണുനീരിനെ പരിമളതൈലം നിറഞ്ഞ ചുംബനങ്ങാളാൽ മൂടി—നിർവ്വികാരനായ ആതിഥേയന്റേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രവൃത്തി.
യേശുവിന്റെ മറുപടിയോ? അവളുടെ സ്നേഹാധിക്യപ്രകടനത്തെ പ്രശംസിക്കയും അവളെ “ക്ഷമിക്കപ്പെട്ടവൾ” ആയി പ്രഖ്യാപിക്കുകയും ചെയ്തു (വാ. 44–48).
നന്ദിയാൽ കണ്ണുനീർ തുളുമ്പുമെന്ന ഭീഷണിയിൽ നാം അത് അടക്കി വെക്കാൻ പ്രലോഭിതരായേക്കാം. എന്നാൽ ദൈവം നമ്മെ വൈകാരിക ജീവികൾ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നമ്മുടെ വികാരങ്ങൾ കൊണ്ട് അവനെ നമുക്ക് മാനിക്കാം. ലൂക്കോസിന്റെ സുവിശേഷത്തിലെ സ്ത്രീയെപ്പോലെ, നമ്മുടെ ആവശ്യങ്ങളെ നിറവേറ്റുകയും നമ്മുടെ സ്തോത്രങ്ങൾ സ്വതന്ത്രമായി സ്വീകരിക്കുകയും ചെയ്യുന്ന നല്ല ദൈവത്തിനു നമുക്ക് ഖേദമൊന്നും കൂടാതെ നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം.
ഇന്നു നിങ്ങളുടെ വികാരങ്ങളിലൂടെ സ്വതന്ത്രമായി ദൈവത്തോടുള്ള കൃതജ്ഞത എങ്ങനെ പ്രകടിപ്പിക്കാം? മറ്റുള്ളവർ അവരുടെ കണ്ണുനീർ പങ്കുവെക്കുന്നത് ആശ്വാസകരമാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
സ്നേഹവാനായ ദൈവമേ എന്റെ ആവശ്യങ്ങളെ നൽകുന്നതിൽ കാണിച്ച കൃപക്കായി നന്ദി! ഇന്നു അങ്ങയോടുള്ള നന്ദിയാൽ ഞാൻ നിറയുന്നു.