ബാലെനടികളും സമകാലിക നർത്തകരും ഒരുപോലെ ചെയ്യുന്ന മനോഹരമായ ഒരു സ്പിൻ ആണ് പിറൗട്ട് (PIROUETTE). കുട്ടിക്കാലത്ത്, എന്റെ ബാലെനൃത്തക്ലാസ്സിൽ പമ്പരംപോലെ ചുറ്റിക്കറങ്ങുന്ന പിറൗട്ടുകൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടു, തല കറങ്ങുകയും നിലത്തു വീഴുകയും ചെയ്യുന്നതുവരെ ഞാൻ കറങ്ങിക്കൊണ്ടിരുന്നു. എന്നാൽ പ്രായമായപ്പോൾ, എന്റെ ബാലൻസ് നിലനിർത്തുവാനും എന്നെ നിയന്ത്രിക്കുവാനും ഞാൻ പഠിച്ച ഒരു ട്രിക്ക് ആയിരുന്നു “സ്പോട്ടിംഗ്” – ഓരോ തവണ ഞാൻ ഒരു മുഴുവൃത്തം കറങ്ങുമ്പോഴും എന്റെ കണ്ണുകൾ ഒരൊറ്റ പോയിന്റിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ഒരു ഉപായം ആയിരുന്നു അത്. ഒരൊറ്റഫോക്കൽപോയിന്റിൽശ്രദ്ധകേന്ദ്രീകരിക്കാൻകഴിഞ്ഞതോടെഎനിക്ക്മനോഹരമായ ഫിനിഷോടെ പിറൗട്ട് ചെയ്യുവാനായി.
നാമെല്ലാവരും ജീവിതത്തിൽ പല ചുറ്റിത്തിരിവുകളും അഭിമുഖീകരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നാം നോക്കിയാൽ, നമുക്കതു തലകറക്കം സമ്മാനിക്കുകയും അതു കൈകാര്യം ചെയ്യാനാവാതെ നാം താഴെ വീഴുകയും ചെയ്യും. എന്നാൽ,ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ മനസ്സിന്റെ ശ്രദ്ധ ദൈവത്തിൽ മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ, അവൻ നമ്മെ “തികഞ്ഞ സമാധാനത്തിൽ” നിലനിർത്തും (യെശയ്യാവ് 26: 3). ജീവിതത്തിൽ എത്രമാത്രം തിരിവുകളുണ്ടായാലും, നമ്മുടെ പ്രശ്നങ്ങളിലും പരിശോധനകളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പിൽ, ശാന്തമായി തുടരാനാകുമെന്നതാണ് നമുക്ക് പൂർണ്ണസമാധാനം നല്കുന്നത്. അവൻ “ശാശ്വതമായ പാറ” ആണ് (26:4). അവനാണ് നമ്മുടെ കണ്ണുകൾ ഉറപ്പിക്കാനുള്ള ആത്യന്തിക ‘ഫോക്കൽ പോയിന്റ്’ – കാരണം അവൻ മാറ്റമില്ലാത്തവനാണ്.
ഓരോ ദിവസവും കടന്നുപോകുമ്പോഴും, പ്രാർഥനയിൽ അവന്റെ അടുക്കൽ ചെല്ലുമ്പോഴും, തിരുവെഴുത്തുകളിൽ അവന്റെ വാഗ്ദാനങ്ങൾ പഠിക്കുമ്പോഴും, നമുക്ക് അവനിലേക്ക് നോക്കാം. ജീവിതത്തിലുടനീളം മനോഹരമായി നീങ്ങാൻ സഹായിക്കുന്നതിന് നമുക്ക് നമ്മുടെ നിത്യമായ പാറയായ ദൈവത്തിൽ ആശ്രയിക്കാം.
ഈയിടെ നിങ്ങൾ നിങ്ങളുടെ എന്തെല്ലാം പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്? നിങ്ങൾ അഭിമുഖീകരിക്കുന്ന പരീശോധനകളെക്കുറിച്ച് ദൈവം തിരുവെഴുത്തിൽ എന്താണ് വെളിപ്പെടുത്തിയിരിക്കുന്നത്?
പ്രിയ സ്വർഗ്ഗീയ പിതാവേ, ഞാൻ അനുദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിന് എന്നോട് ക്ഷമിക്കണമേ . നീ ലോകത്തെ ജയിച്ചിട്ടുണ്ടെന്നും എന്റെ പ്രശ്നങ്ങളെക്കാൾ വലിയവനാണു നീ എന്നും എനിക്കറിയാം. എല്ലാ സാഹചര്യങ്ങളിലും എന്റെ കണ്ണും ഹൃദയവും അങ്ങയിലേക്ക് തിരിക്കുവാൻ എന്നെ സഹായിക്കണമേ.