ഖേദമില്ലാത്ത കണ്ണുനീർ
“ക്ഷമിക്കണം,”തന്റെ കരച്ചിലിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സീമ പറഞ്ഞു. തന്റെ ഭർത്താവിന്റെ മരണശേഷം കൗമാരക്കാരായ തന്റെ കുട്ടികളെ നോക്കാൻ അവൾ പ്രയാസപ്പെട്ടു. ഒരിക്കൽ ചർച്ചിലെ ആളുകൾ അവൾക്ക് ഒരു ഒഴിവ് നൽകാൻ അവർക്ക് ഒരു വാരാന്ത്യ ക്യാമ്പിങ്ങ് നടത്തിയപ്പോൾ, സീമ കൃതജ്ഞതയോടെ വിതുമ്പി, തന്റെ കണ്ണുനീരിന് വീണ്ടും വീണ്ടും ക്ഷമ ചോദിച്ചു.
നമ്മളിൽ പലരും നമ്മുടെ കണ്ണുനീരിനു ക്ഷമ ചോദിക്കുന്നതെന്തിനാണ്? പരീശനായ ശീമോൻ യേശുവിനെ അത്താഴത്തിനു വിളിച്ചു. ഭക്ഷണത്തിനിടയിൽ, യേശു മേശയിലിരിക്കുന്ന നേരം പാപിയായ ഒരു സ്ത്രീ ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു. “പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി” (ലൂക്കോസ് 7:38). ഖേദമൊന്നുമില്ലാതെ ഈ സ്ത്രീ സ്വതന്ത്രമായി തന്റെ സ്നേഹം വെളുപ്പെടുത്തുകയും യേശുവിന്റെ കാൽ തുടക്കുവാൻ തലമുടി അഴിക്കയും ചെയ്തു. യേശുവിനോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞൊഴുകിയ അവൾ തന്റെ കണ്ണുനീരിനെ പരിമളതൈലം നിറഞ്ഞ ചുംബനങ്ങാളാൽ മൂടി—നിർവ്വികാരനായ ആതിഥേയന്റേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രവൃത്തി.
യേശുവിന്റെ മറുപടിയോ? അവളുടെ സ്നേഹാധിക്യപ്രകടനത്തെ പ്രശംസിക്കയും അവളെ “ക്ഷമിക്കപ്പെട്ടവൾ” ആയി പ്രഖ്യാപിക്കുകയും ചെയ്തു (വാ. 44–48).
നന്ദിയാൽ കണ്ണുനീർ തുളുമ്പുമെന്ന ഭീഷണിയിൽ നാം അത് അടക്കി വെക്കാൻ പ്രലോഭിതരായേക്കാം. എന്നാൽ ദൈവം നമ്മെ വൈകാരിക ജീവികൾ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നമ്മുടെ വികാരങ്ങൾ കൊണ്ട് അവനെ നമുക്ക് മാനിക്കാം. ലൂക്കോസിന്റെ സുവിശേഷത്തിലെ സ്ത്രീയെപ്പോലെ, നമ്മുടെ ആവശ്യങ്ങളെ നിറവേറ്റുകയും നമ്മുടെ സ്തോത്രങ്ങൾ സ്വതന്ത്രമായി സ്വീകരിക്കുകയും ചെയ്യുന്ന നല്ല ദൈവത്തിനു നമുക്ക് ഖേദമൊന്നും കൂടാതെ നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം.
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ
എത്തിയൊ? /ഇതുവരെ ഇല്ല. / എത്തിയോ? / ഇതുവരെ ഇല്ല. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ നടത്തിയ ആദ്യത്തെ (തീർച്ചയായും അവസാനത്തേതല്ല) 16 മണിക്കൂർ മടക്കയാത്രയിൽ അങ്ങോട്ടുമിങ്ങോട്ടും കളിച്ച കളിയാണത്. മൂത്ത രണ്ടു കുട്ടികളും കളിയെ സജീവമാക്കി നിർത്തി. അവർ ചോദിക്കുന്ന ഒരോ തവണയും ഒരു രൂപ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഒരു കൂന രൂപ ഉണ്ടായേനെ. കുട്ടികൾക്ക് അഭിനിവേശമായിരുന്നു ആ ചോദ്യത്തോട്, പക്ഷേ ഞാനും (ഡ്രൈവർ) ഒരുപോലെ ആശ്ചര്യത്തോടെ എത്തിയോ? എന്ന് ചിന്തിച്ചുകൊണ്ടിരുന്നു, ഉത്തരം ഇതുവരെ ഇല്ല, പക്ഷേ ഉടനേ.
സത്യം പറഞ്ഞാൽ, ഉച്ചത്തിൽ ചോദിച്ചില്ലെങ്കിലും മിക്ക മുതിർന്നവരും ഈ ചോദ്യത്തിന്റെ വകഭേതങ്ങളാണ് ചോദിക്കുന്നത്. പക്ഷേ നാം ഒരേ കാരണത്താലാണ് ചോദിക്കുന്നത്—നാം തളർന്നിരിക്കുന്നു, ദുഃഖംകൊണ്ട് നമ്മുടെ “കണ്ണ് കുഴിഞ്ഞിരിക്കുന്നു” (സങ്കീർത്തനങ്ങൾ 6:7). നാം സന്ധ്യാ വാർത്ത മുതൽ ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും ഒരിക്കലും തീരാത്ത ആരോഗ്യപ്രശ്നങ്ങളും ബന്ധങ്ങളിലെ തകർച്ചയും തുടങ്ങി സകല കാര്യങ്ങളേയും കുറിച്ചുള്ള “ഞരക്കംകൊണ്ട് തകർന്നിരിക്കുന്നു” (വാ. 6). നാം നിലവിളിക്കുന്നു: “എത്തിയോ? എത്രത്തോളം? കർത്താവേ, എത്രത്തോളം?
സങ്കീർത്തനക്കാരനു ഈ ക്ഷീണാവസ്ഥയെ നന്നായി അറിയാം, അതുകൊണ്ട് ആ പ്രധാന ചോദ്യം സത്യസന്ധമായി ദൈവത്തോട് ചോദിക്കുന്നു. കരുതുന്ന പിതാവിനേപ്പോലെ അവൻ ദാവീദിന്റെ കരച്ചിൽ കേൾക്കുകയും അവന്റെ വലിയ കരുണയിൽ അവ കൈക്കൊള്ളുകയും ചെയ്തു (വാ. 9). ചോദിക്കാൻ ഒരു നാണക്കേടും ഇല്ലായിരുന്നു. അതുപോലെ എനിക്കും നിങ്ങൾക്കും സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് ധൈര്യത്തോടെ “എത്ര നാൾ?” എന്ന സത്യസന്ധമായ നിലവിളിയുമായി സമീപിക്കാം. അവന്റെ ഉത്തരം “ഇതുവരെ ആയില്ല, പക്ഷേ ഉടനേ, ഞാൻ നല്ലവനാണ്, എന്നിൽ ആശ്രയിക്കൂ“ എന്നാകാം.
ക്രിസ്തുവിനേപ്പോലെ സൽഗുണപൂർണർ
ആധുനിക ലോകത്തിലെ സമ്പൂർണ്ണതാവാദവും മത്തായിയിൽ പറഞ്ഞിരിക്കുന്ന “സൽഗുണസമ്പൂർണതയും” തമ്മിൽ താരതമ്യം ചെയ്ത്കൊണ്ട് കാത്ലീൻ നോറിസ് എഴുതി “എനിക്കറിയാവുന്ന വാക്കുകളിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന വാക്കുകളിൽ ഒന്നാണ് പരിപൂർണ്ണതാസിദ്ധാന്തം.” “ആവശ്യമായ റിസ്ക് എടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന ഒരു മാനസിക പീഡ” ആണ് ആധുനിക ലോകത്തിന്റെ പരിപൂര്‍ണ്ണതാസിദ്ധാന്തം എന്ന് അവർ വിവക്ഷിച്ചിരിക്കുന്നു. പക്ഷേ “സൽഗുണസമ്പൂർണത” എന്ന് മത്തായിയിൽ തർജ്ജമ ചെയ്തിരിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം പക്വത, മുഴുവൻ, പൂർണ്ണം എന്നൊക്കെയാണ്. “സമ്പൂർണ്ണരാകുക എന്നാൽ വളരാനുള്ള ഇടം കൊടുക്കുകയും മറ്റുള്ളവർക്ക് നൽകാൻ തക്കവണ്ണം പക്വതയുള്ളവരാകുകയും ചെയ്യുകയാണ്“ എന്ന് നോറിസ് ഉപസംഹരിക്കുന്നു.
ഇങ്ങനെ സൽഗുണസമ്പൂർണ്ണതയെ മനസ്സിലാക്കുന്നത് മത്തായി 19 ൽ പറഞ്ഞിരിക്കുന്ന “നിത്യജീവനെ പ്രാപിപ്പാൻ” താൻ എന്തു നന്മ ചെയ്യേണം എന്ന് ഒരു മനുഷ്യൻ യേശുവിനോട് ചോദിക്കുന്ന ഗഹനമായ കഥയെ ഗ്രഹിക്കുവാൻ സഹായിക്കും (വാ. 16). “കല്പനകളെ പ്രമാണിക്ക” എന്ന് യേശു ഉത്തരം പറഞ്ഞു (വാ. 17). ഇവയൊക്കെയും താൻ പ്രമാണിച്ചുപോരുന്നു എന്ന് ചിന്തിച്ച ആ മനുഷ്യൻ എന്തോ വിട്ട് പോയിട്ടുണ്ടെന്ന് മനസ്സിലാക്കി “കുറവുള്ളത് എന്ത്” എന്നു ചോദിച്ചു (വാ. 20).
അപ്പോഴാണ് യേശു ആ മനുഷ്യന്റെ ഹൃദയത്തെ ഞെരുക്കുന്ന തിന്മ സമ്പത്താണെന്ന് തിരിച്ചറിഞ്ഞത്. “സൽഗുണപൂർണൻ ആകുവാൻ” ഇച്ഛിക്കുന്നു എങ്കിൽ—ദൈവരാജ്യത്തിൽ ക്രയവിക്രയം ആഗ്രഹിക്കുന്നുവെങ്കിൽ—മറ്റുള്ളവരിൽ നിന്നും തന്റെ ഹൃദയത്തെ അടയ്‌ക്കുന്നതെന്തും ഉപേക്ഷിക്കണം (വാ. 21). എന്ന് അവിടുന്ന് പറഞ്ഞു.
സമ്പത്തോ ശീലങ്ങളോ പോലെ നിയന്ത്രിക്കാം എന്ന് വ്യാമോഹിപ്പിക്കുന്ന പരിപൂർണ്ണതയുടെ സ്വന്തം പതിപ്പുകൾ നമുക്കെല്ലാവർക്കും ഉണ്ട്. ഇന്ന്, കീഴടങ്ങാനുള്ള യേശുവിന്റെ സൗമ്യമായ ക്ഷണം കേൾക്കുക—അങ്ങനെ അവനിൽ മാത്രം സാധ്യമായ സമ്പൂർണ്ണതയിൽ സ്വാതന്ത്ര്യം കണ്ടെത്തുക (വാ. 26).
ഞങ്ങൾ ദൈവത്തിൽ ആശ്രയം വെക്കും
കുഞ്ഞ് ജനിക്കാൻ ഇനിയും ആറാഴ്ച്ച കൂടെ ഉണ്ടായിരുന്നു, എന്നാൽ ഗർഭകാലത്തു സാധാരണയായി ഉണ്ടാകാറുള്ള ഒരു കരൾ രോഗം-കോളിസ്റ്റേസിസ് വിനീതക്കുണ്ടെന്ന് ഡോക്ടർ കണ്ടുപിടിച്ചു. വൈകാരിക ക്ഷോഭത്തിനിടയിലും വിനീതയെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അവൾക്ക് ചികിത്സ ലഭിക്കുകയും അവളോട് 24 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ പുറത്തെടുക്കുമെന്നും പറഞ്ഞു. ആശുപത്രിയുടെ മറ്റൊരു വശത്ത് കോവിഡ്-19 കേസുകൾ കൈകാര്യം ചെയ്യാൻ വെന്റിലേറ്ററുകളും മറ്റും സ്ഥാപിക്കുകയായിരുന്നു. ഇത് കാരണം വിനീതയെ വീട്ടിലേക്ക് തിരികെയയച്ചു. അവൾ ദൈവത്തിലും അവിടുത്തെ പദ്ധതിയിലും ആശ്രയിക്കാൻ തീരുമാനിക്കുകയും കുറച്ച് ദിവസത്തിനു ശേഷം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
വചനം നമ്മിൽ വേരുറപ്പിക്കുമ്പോൾ അത് നാം വിഷമസന്ധിയിൽ പ്രതികരിക്കുന്ന വിധങ്ങളെ രൂപാന്തരപ്പെടുത്തും. സമൂഹം മാനുഷിക സഖ്യങ്ങളിൽ ആശ്രയിക്കുകയും വിഗ്രഹാരാധന നടത്തുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് യിരമ്യാവ് ജീവിച്ചിരുന്നത്. “മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന“(യിരെമ്യാവ് 17:5) ഒരുവനിൽ നിന്നും ദൈവത്തിൽ ആശ്രയിക്കുന്ന വൻ വ്യത്യസ്തമായിരിക്കുന്നു എന്ന് പ്രവാചകൻ കാണിക്കുന്നു. “യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും...അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും” (വാ. 7–8).
യേശുവിലെ വിശ്വാസികളായ നാം പരിഹാരങ്ങൾക്കായി അവനിലേക്ക് നോക്കി വിശ്വാസത്താൽ ജീവിക്കാനാണ് വിളിച്ചിരിക്കുന്നത്. അവൻ നമ്മെ ശക്തീകരിക്കുമ്പോൾ ഭയപ്പെടണോ അതോ അവനിൽ ആശ്രയിക്കണോ എന്ന് നമുക്ക് തീരുമാനിക്കാം. ദൈവം പറയുന്നത് നാം അവനിൽ ആശ്രയം വെക്കുമ്പോൾ നമ്മൾ പൂർണ്ണ തൃപ്തരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ്.
പക വെക്കാതിരിക്കുക
2011 ൽ ഒരു പ്രമോഷണൽ പരിപാടിക്കിടെ എഴുപത്തിമൂന്നു വയസ്സുള്ള കനേഡിയൻ ഫുട്ബോൾ ലീഗിലെ രണ്ട് മുൻ കളിക്കാർ തമ്മിൽ കയ്യാങ്കളി ഉണ്ടായി. അവർക്ക് 1963ൽ കളിക്കുന്ന കാലത്തെ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. ഒരാൾ മറ്റൊരാളെ ഇടിച്ചു താഴെയിട്ടപ്പോൾ ജനക്കൂട്ടം "വിട്ട് കളയാൻ" വിളിച്ചു പറഞ്ഞു. അവർ അയാളോട് പക വെക്കരുത് എന്ന് പറയുകയായിരുന്നു.
ബൈബിളിൽ ആളുകൾ പക വെച്ചുകൊണ്ടിരുന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ദൈവം തന്റെ യാഗത്തേക്കാൾ ഹാബേലിന്റെ യാഗത്തിൽ പ്രസാധിച്ചപ്പോൾ കയീൻ തന്റെ സഹോദരനെതിരെ പക വെച്ചുകൊണ്ടിരിന്നു (ഉല്പത്തി 4:5). അവസാനം അത് കൊലപാതകത്തിലേക്ക് നയിക്കത്തക്കവണ്ണം ഈ പക വളരെ കഠിനമായിരുന്നു:—“കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു”(വാ. 8). ന്യായമായും തനിക്ക് ലഭിക്കേണ്ടിയിരുന്ന ജന്മാവകാശം യാക്കോബ് തട്ടിയെടുത്തതുകൊണ്ട് “ഏശാവ് അവനെ ദ്വേഷിച്ചു“ (27:41). ഈ പക വളരെ തീവ്രമായിരുന്നതു കാരണം യാക്കോബിനു മരണഭയത്താൽ ഓടിപ്പോകേണ്ടി വന്നു.
ബൈബിളിൽ അനേകം പക വച്ചിരുന്നവരുടെ ഉദാഹരണങ്ങൾ മാത്രമല്ല ഇതുപോലുള്ള പകയെ അമര്‍ച്ചചെയ്യാനുള്ള നിർദ്ദേശവും തരുന്നു—എങ്ങനെ ക്ഷമ ചോദിക്കാമെന്നും നിരപ്പു പ്രാപിക്കാമെന്നും. ദൈവം മറ്റുള്ളവരെ സ്നേഹിക്കാനായി നമ്മെ വിളിച്ചിരിക്കുന്നു (ലേവ്യാപുസ്തകം19:18), നമ്മെ ഉപദ്രവിക്കുന്നവർക്കും നിന്ദിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുവിൻ (മത്തായി 5:43–47), സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ, പ്രതികാരം ദൈവത്തിനു വിടുവിൻ, നന്മയാൽ തിന്മയെ ജയിക്കുക (റോമർ 12:18–21). അവിടുത്തെ ശക്തിയാൽ ഇന്നു നാം പകയെ അമർച്ച ചെയ്യുമാറാകട്ടെ.