കറികളോഏതെങ്കിലും പാനീയമോ നാം വീഴ്ത്തിയതിനു ശേഷം സ്വയം വൃത്തിയാകാൻ നമ്മുടെ വസ്ത്രങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു? ബിബിസി യുടെ അഭിപ്രായത്തിൽ, അൾട്രാ വയലറ്റ് രശ്മികൾക്ക് വിധേയമാക്കുമ്പോൾ,സ്വയം കറയും ദുർഗന്ധവും വൃത്തിയാക്കുന്ന ഒരു പ്രത്യേക ലായനി ചൈനയിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങൾ ഉണ്ടാകുന്നതിന്റെ ഫലം നിങ്ങൾക്ക് സങ്കൽപിക്കാനാകുമോ?
സ്വയം വൃത്തിയാക്കുന്ന ഒരു ലായനി കറയുള്ള വസ്ത്രങ്ങൾക്കു മേൽ പ്രവർത്തിച്ചേക്കാം, പക്ഷേ കറയുള്ള ആത്മാവിനെ ശുദ്ധീകരിക്കുവാൻ ദൈവത്തിന് മാത്രമേ കഴിയൂ. പുരാതന യഹൂദയിൽ ദൈവം തന്റെ ജനത്തോട് കോപിച്ചു, കാരണം അവർ തന്നെ “നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞ്” അശുദ്ധിക്കും തിന്മയ്ക്കും തങ്ങളെതന്നെ ഏല്പിച്ചുകൊടുത്ത്വ്യാജ ദൈവങ്ങളെ ആരാധിച്ചു (യെശ.1:2-4). എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ, അവർ ബലികൾ അർപ്പിച്ചും ധൂപം കാട്ടിയും പ്രാർത്ഥനകൾ നടത്തിയും ഒരുമ്മിച്ച് ഒത്തുകൂടിയും സ്വയം ശുദ്ധരാകാൻ ശ്രമിച്ചു. എന്നിട്ടും അവരുടെ കാപട്യവും പാപവും നിറഞ്ഞ ഹൃദയവും അവരിൽനിലനിന്നു(വാ.12-13). അതിനുള്ളപ്രതിവിധി, സ്വയം മാനസാന്തരമുള്ള ഹൃദയത്തോടെ തങ്ങളുടെ ആത്മാവിലെ കറകൾ പരിശുദ്ധനും സ്നേഹവാനുമായ ദൈവത്തിങ്കലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. അവിടുത്തെ കൃപ അവരെ ശുദ്ധീകരിക്കുകയും ആത്മീയമായി “ഹിമം പോലെ വെളുപ്പിക്കുകയും” ചെയ്യുമായിരുന്നു (വാ.18).
നാം പാപം ചെയ്യുമ്പോൾ, സ്വയം ശുദ്ധീകരിക്കുന്നലായനിഇല്ല. താഴ്മയും മാനസാന്തരവും ഉള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്,നാം അവനിലേക്ക് മടങ്ങണം. അപ്പോൾ അവൻ, ആത്മാവിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരേയൊരുവൻ, നമുക്ക് പൂർണ്ണമായ പാപമോചനവും പുതുക്കിയ കൂട്ടായ്മയും നൽകും.
പരിശുദ്ധാത്മാവ് നിങ്ങളുടെ പാപങ്ങളെ വെളിപ്പെടുത്തുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്? നിങ്ങളുടെ പാപം ദൈവത്തിങ്കലേക്ക് കൊണ്ടുവന്ന് മാനസാന്തരപ്പെടുന്ന പ്രക്രിയയെ യോഹന്നാൻ എങ്ങനെ വിവരിക്കുന്നു (1 യോഹ. 1:9)?
പിതാവേ, എന്റെ പാപം അവഗണിക്കുകയോ സ്വയം മോചനം കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്തതിന് എന്നോട് ക്ഷമിക്കണമേ. എന്റെ ആത്മാവിന്റെ കറയകറ്റാൻ അങ്ങയ്ക്കു മാത്രമേ കഴിയൂ എന്ന് എനിക്കറിയാം. എന്റെ സ്വയാശ്രയം ഞാൻ അംഗീകരിച്ച് അനുതാപത്തോടെ അങ്ങയിലേക്ക് തിരിയുന്നു.