ദൈവശുശ്രൂഷക്കാരായ ഞങ്ങളുടെ ആഴ്ചതോറുമുള്ള ഫോൺ വിളിക്കിടയിൽ രവി എനിക്ക് സ്വയം “പൊടിയെന്ന് തോന്നുന്നു “എന്ന് പറഞ്ഞപ്പോൾ പ്രായാധിക്യം മൂലമുള്ള തന്റെ അസുഖങ്ങളും ശാരീരിക ബലഹീനകളുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. രവിയും ഭാര്യയും അറുപതുകളുടെ അവസാനത്തിലായിരുന്നു; ഡോക്ടറെ കാണലും സർജറിയും കൂടുതൽ പരിചരണം ലഭിക്കുന്നയിടത്തേക്കുള്ള മാറലും ഒക്കെയായിരുന്നു അവർക്ക് 2020. ജീവിതത്തിന്റെ ആരോഗ്യകാലം അവസാനിച്ചു എന്ന് അവർക്ക് ബോധ്യമായി.
നമ്മുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും ആത്മീയവുമായ അപൂർണതകളും ബലഹീനതകളും തിരിച്ചറിയാൻ വാർദ്ധക്യം ആകണമെന്നില്ല. ദൈവം തന്റെ പുത്രനായ യേശുവിലൂടെ, വീണുപോയ നമ്മുടെ ലോകത്തിലേക്ക് വരികയും മനുഷ്യൻ എന്ന നിലയിൽ നാം അനുഭവിക്കുന്ന പരിമിതികളെ കൂടെ നിന്ന് മനസ്സിലാക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 103:13). ദാവീദ് വീണ്ടും പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു” (വാ. 14). പൊടി എന്ന പദം നമ്മെ ഉല്പത്തിയിലേക്ക് കൊണ്ടു പോകുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു” (2:7).
നിങ്ങൾക്ക് ഈ ദിവസങ്ങളിൽ പൊടിയെന്ന് തോന്നുന്നുണ്ടോ? ഭൗമിക ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വാഗതം. പെട്ടെന്ന് തളർന്നു പോകുമെന്ന് തോന്നുമ്പോൾ, ഓർക്കുക, നാം ഒറ്റക്കല്ല എന്ന്. മനസ്സലിവുള്ള നമ്മുടെ ദൈവം “അറിയുകയും” “ഓർക്കുകയും“ ചെയ്യുന്നു. തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ച് ഭൗമികരായ എനിക്കും നിങ്ങൾക്കും പാപക്ഷമ പ്രദാനം ചെയ്തതിലൂടെ ദൈവം തന്റെ സ്നേഹം പ്രദർശിപ്പിക്കുന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമുക്ക് അവനിൽ ശരണപ്പെടാം.
നിങ്ങളുടെ മാനുഷിക പരിമിതികളെ ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങൾ ഏന്തൊക്കെയാണ്? നിങ്ങളുടെ ബലഹീനതകളിൽ ദൈവകരം ദർശിക്കാൻ കഴിയുന്നുണ്ടോ?
പിതാവേ, പല വിധത്തിലും എന്റെ പരിമിതികൾ-പൊടിയെന്ന സ്ഥിതി-എനിക്ക് അനുഭവപ്പെടുമ്പോഴും വിശ്വാസത്തിൽ ശക്തിപ്പെട്ട് അങ്ങിൽ ആശ്രയിക്കുവാൻ എന്നെ സഹായിക്കേണമേ.