എന്റെ മകൾ പിച്ചവെച്ചു നടക്കുന്ന സമയം അവൾ അത്ഭുതത്തോടെ കണ്ടെത്തുന്ന അപരിചിതമായ ഓരോ കാര്യത്തിനും ഞാൻ പലപ്പോഴും പേരിട്ടു; ആ വസ്തുക്കൾ തിരിച്ചറിയുന്നതിനായി അവളെ അതു സ്പർശിക്കുവാൻ അനുവദിക്കുകയോ അവൾക്കായി അതിന്റെ പേര് ആവർത്തിച്ചു പറയുകയോ ചെയ്യുക പതിവായിരുന്നു. ചുറ്റും കാണുന്ന വിശാലമായ ലോകം അവളെ പരിചയപ്പെടുത്തുകയും അവയുടെ പേര് പഠിപ്പിക്കുകയുമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എന്റെ ഭർത്താവും ഞാനും , സ്വാഭാവികമായും അവളുടെ ആദ്യ വാക്ക് അമ്മ എന്നോ അപ്പ എന്നോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവൾ തികച്ചും വ്യത്യസ്തമായ അവളുടെ ആദ്യ വാക്കുകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി: ഒരു ദിവസം അവളുടെ ചെറിയ വായ മൃദുവായി പിറുപിറുത്തു – വേറ്റം! ഞാൻ പറഞ്ഞു കൊടുത്ത “വെട്ടം” (വെളിച്ചം) എന്ന വാക്കിന്റെ മധുരമായ പ്രതിധ്വനി ആയിരുന്നു അത്.
ബൈബിളിൽ നമുക്കായി രേഖപ്പെടുത്തിയ ദൈവത്തിന്റെ ആദ്യ വാക്കുകളിൽ ഒന്നാണ് വെളിച്ചം. ദൈവത്തിന്റെ ആത്മാവ്, പാഴും ശൂന്യവുമായി ഇരുന്ന ഇരുണ്ട ഭൂമിയിൽ, പരിവർത്തനം ചെയ്യുമ്പോൾ, ദൈവം ഭൂമിയിൽ വെളിച്ചം അവതരിപ്പിച്ചു, “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു” (ഉൽപത്തി 1: 3). മറ്റ് തിരുവെഴുത്തുകളും ഇതു തന്നെ പറയുന്നു: ദൈവവചനം നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ വിശദീകരിക്കുന്നു (സങ്കീ. 119:130), യേശു തന്നെക്കുറിച്ച് തന്നെ”ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് പറയുന്നു, (യോഹ. 8:12).
സൃഷ്ടികർമ്മത്തിൽ ദൈവത്തിന്റെ ആദ്യ വാക്ക് വെളിച്ചം ഉണ്ടാകട്ടെ എന്നതായിരുന്നു. അത് ആ ജോലി ചെയ്യുവാൻ ദൈവത്തിന് വെളിച്ചം ആവശ്യമായിരുന്നതുകൊണ്ടല്ല; ആ വെളിച്ചം നമുക്ക് വേണ്ടിയായിരുന്നു. നമുക്ക് ചുറ്റുമുള്ള സൃഷ്ടിയിൽ അവനെ കാണുവാനും അവന്റെ വിരലടയാളം തിരിച്ചറിയാനും, നല്ലതല്ലാത്തതിൽ നിന്ന് നല്ലതെന്താണെന്ന് മനസ്സിലാക്കുവാനും, ഈ വിശാലമായ ലോകത്തിൽ യേശുവിന്റെ പിന്നാലെ ഓരോ ചുവടും വെക്കുവാനും വെളിച്ചം നമ്മെ പ്രാപ്തരാക്കുന്നു.
നിങ്ങളുടെ ജീവിതത്തിന്റെ ഏത് മേഖലയിലാണ് നിങ്ങൾക്ക് ഇപ്പോൾ ദൈവത്തിന്റെ വെളിച്ചം ഏറ്റവും കൂടുതൽ വേണ്ടത്? കഴിഞ്ഞ കാലങ്ങളിൽ അവന്റെ വെളിച്ചം നിങ്ങളെ എങ്ങനെ സഹായിച്ചു?
യേശുവേ, ഓരോ ദിവസവും എന്റെ പാതയെ പ്രകാശിപ്പിക്കുവാൻ നീ എന്റെ ജീവന്റെ വെളിച്ചമായതിനാൽ നന്ദി.