1943 ലെ ബംഗാൾ ക്ഷാമകാലത്ത് താൻ വളർന്നതിനെക്കുറിച്ച് മാലിനി തന്റെ കൊച്ചുമകനോട് പറയുകയായിരുന്നു. അവളുടെ പാവപ്പെട്ട കുടുംബത്തിന് കഴിക്കുവാൻ അല്പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മിക്കപ്പോഴും അവർ പട്ടിണിയായിരുന്നു. വളരെ അപൂർവമായി, അവളുടെ അച്ഛൻ പിടിച്ച മീൻ അത്താഴത്തിന് വീട്ടിൽ കൊണ്ടുവരും. മീൻകറി വയ്ക്കുബോൾ അമ്മ പറയും, “ആ മീൻതല എനിക്ക് തരൂ. എനിക്ക് അതാണ് ഇഷ്ടം, അതാണ് ഏറ്റവും മാംസമുളള കഷണം.” വർഷങ്ങൾക്കുശേഷം മാലിനിക്ക് മനസ്സിലായി മീൻതലയിൽ മാംസം ഒന്നും ഇല്ലെന്ന്. വാസ്തവത്തിൽ അവളുടെ അമ്മ ഒന്നും കഴിച്ചിട്ടില്ല! എന്നാൽ, താനത് രുചികരമായി ആസ്വദിക്കുന്നതായി ഭാവിച്ചു. കാരണം, “ഞങ്ങൾ കുട്ടികൾ, അമ്മ ഒന്നും കഴിച്ചില്ലെന്ന് വിഷമിക്കാതെ, കൂടുതൽ മീൻ കഴിക്കുന്നതിനു വേണ്ടി!”
നാളെ നമ്മൾ മാതൃദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ അമ്മമാരുടെ കരുതലിന്റെ കഥകളും നമുക്ക് വിവരിക്കാം. നമുക്ക് അവർക്കായി ദൈവത്തിന് നന്ദി പറയുകയും അവരെപ്പോലെ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുവാൻ ശ്രമിക്കുകയും ചെയ്യാം.
പൗലോസ് തെസ്സലോനിക്ക സഭയെ സേവിച്ചു, “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ” (1 തെസ്സ. 2: 7). യേശുവിനെക്കുറിച്ച് അവരോടു പറയുവാനും അവരോടൊപ്പം സ്വന്തം ജീവിതം പങ്കുവയ്ക്കുവാനും, “കഷ്ടവും അപമാനവും അനുഭവിച്ചിട്ടും” തന്റെ പ്രാണനുംകൂടെ വച്ചുതരുവാനും ഒരുക്കമായിരുന്നു. (വാ. 2, 8). അവൻ അവരോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു രാവും പകലും വേല ചെയ്തു (വാ. 9) – അമ്മയെപ്പോലെ തന്നെ.
അമ്മയുടെ സ്നേഹത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. പൗലോസ് വിനയത്തോടെ പറഞ്ഞു, തന്റെ പരിശ്രമങ്ങൾ “വ്യർഥമായില്ല” (വാ. 1). മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നു നമുക്ക് അറിയാനാവില്ല, എന്നാൽ അവരെ ത്യാഗപൂർവ്വം സേവിക്കുന്നതിനായി നമുക്ക് ഓരോ ദിവസവും ചെലവഴിക്കാം. നമ്മുടെ അമ്മ നമ്മിൽ അഭിമാനിക്കും; അതുപോലെ സ്വർഗ്ഗീയ പിതാവും!
ആരാണ് നിങ്ങളെ ത്യാഗപൂർവ്വം സ്നേഹിച്ചത്? നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ ആരെയാണ് സ്നേഹിക്കുന്നത്?
പിതാവേ, നിന്നെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുവാൻ, ആർക്കും കഴിയുകയില്ല.