അപൂർവ്വവും ഭേദപ്പെടുത്താനാവാത്തതുമായ ഒരു മസ്തിഷ്ക അർബുദം തനിക്കുണ്ടെന്ന രോഗനിർണയം ലഭിച്ച ശേഷം, കരോളിൻ ഒരു അതുല്യ സേവനം നൽകുന്നതിലൂടെ പുതുക്കിയ പ്രതീക്ഷയും ലക്ഷ്യവും കണ്ടെത്തി: ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സന്നദ്ധ ഫോട്ടോഗ്രാഫി സേവനങ്ങൾ. ഈ സേവനത്തിലൂടെ കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുമായി പങ്കുവച്ച അമൂല്യ നിമിഷങ്ങൾ പകർത്താൻ കഴിഞ്ഞു – ദുഃഖത്തിന്റെ നിമിഷങ്ങളും, “ആ നിരാശാജനകമായ സ്ഥലങ്ങളിൽ ഇല്ലെന്ന് നമ്മൾ കരുതുന്ന കൃപയുടെയും സൗന്ദര്യത്തിന്റെയും നിമിഷങ്ങൾ.” അവൾ നിരീക്ഷിച്ചു, “സങ്കൽപ്പിക്കാവുന്ന ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ പോലും, ആ കുടുംബങ്ങൾ. . . എല്ലാത്തിനുമുപരി സ്നേഹിക്കാൻ തിരഞ്ഞെടുത്തു.”
ദുഃഖത്തിന്റെ സത്യം പകർത്തുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത ശക്തമായ എന്തോ ഉണ്ട് – ദുഃഖത്തിന്റെ വിനാശകരമായ യാഥാർത്ഥ്യവും, അതിന്റെ നടുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയുടെ സൗന്ദര്യവും.
ഇയ്യോബിന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ദുഃഖത്തിന്റെ ഫോട്ടോ പോലെയാണ് – തന്നെ എല്ലാവിധത്തിലും തകർത്തുകളഞ്ഞ വിനാശത്തിലൂടെയുള്ള ഇയ്യോബിന്റെ യാത്ര നേരിട്ട് അതു കാണിച്ചുതരുന്നു (1: 18-19). നിരവധി ദിവസങ്ങൾ ഇയ്യോബിനൊപ്പം ഇരുന്നതിന് ശേഷം, അവന്റെ സുഹൃത്തുക്കൾക്ക് അവന്റെ ദുഃഖം മടുത്തു; അതിന്റെ വേദനയെ അവർ ചെറുതാക്കി കാണുകയോ, അതു ദൈവത്തിന്റെ ഒരു ന്യായവിധിയായി പരിഗണിക്കുകയോ ചെയ്തു. എന്നാൽ ഇയ്യോബിന് അതൊന്നും വിഷയമായിരുന്നില്ല, താൻ ഇപ്പോൾ കടന്നുപോകുന്ന കാഠിന്യമേറിയ വേദനയുടെ സാക്ഷ്യം “പാറയിൽ സദാകാലത്തേക്ക് കൊത്തിവയ്ക്കപ്പെടുവാൻ ” (19:24) അദ്ദേഹം ആഗ്രഹിച്ചു..
ഇയ്യോബിന്റെ പുസ്തകത്തിലൂടെ നമുക്കത് വായിച്ചെടുക്കുവാൻ, അതു “കൊത്തിവച്ചിരിക്കുന്നു” – നമ്മുടെ ദുഃഖത്തിന്റെ വേളകളിൽ, നമുക്ക് ജീവനുള്ള ദൈവത്തെ ചൂണ്ടിക്കാണിക്കുവാൻ വേണ്ടി (വാ. 26-27). നമ്മുടെ വേദനയിൽ നമ്മെ കാണുന്ന ദൈവം, മരണത്തിലൂടെ പുനരുത്ഥാന ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു..
വേദനയെ ഒഴിവാക്കുന്നതിനുപകരം, അതിനെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതു വഴി എങ്ങനെയാണത് സമ്പൂർണ്ണസൗഖ്യത്തെ കൊണ്ടുവരുന്നത്? എപ്പോഴാണ് നിങ്ങൾ, നിങ്ങളുടെ വലിയ സങ്കടത്തിൽ അപ്രതീക്ഷിത കൃപയും സൗന്ദര്യവും അനുഭവിച്ചത്?
അനുകമ്പയും സ്നേഹവുമുള്ള ദൈവമേ, ഇയ്യോബിന്റെ കഥ – തന്റെ ദുഃഖവും, തന്നോടുള്ള നിന്റെ സ്നേഹവും - വിശുദ്ധ ഗ്രന്ഥത്തിൽ പകർത്തിയതിന് നന്ദി. കഠിനമേറിയ വേദന അനുഭവിക്കുന്നവരോട് സത്യസന്ധമായി സാക്ഷ്യം വഹിക്കുവാനും, നീ നൽകുന്ന പ്രത്യാശ വാഗ്ദാനം ചെയ്യുവാനും എന്നെ സഹായിക്കണമേ.