യേശുവിൽ വിശ്വാസിച്ച ശേഷം, ഞാൻ എന്റെ അമ്മയോട് സുവിശേഷം പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതുപോലെ അമ്മ യേശുവിനെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല, ഒരു വർഷത്തേക്ക് എന്നോട് സംസാരിക്കുകപോലും ചെയ്തില്ല. . യേശുവിനെ പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട ആളുകളുമായുള്ള തന്റെ മോശം അനുഭവങ്ങൾ അമ്മയെ ക്രിസ്തുവിശ്വാസികളെ ഇഷ്ടമില്ലാത്തവളാക്കി. പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ആഴ്ചയും ഞാൻ എന്റെ അമ്മയെ വിളിക്കും. എന്നാൽ എന്റെ അമ്മ എന്നോടുള്ള തന്റെ നിശബ്ദ പ്രതിഷേധം തുടർന്നു. അപ്പോഴൊക്കെ പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. ഒടുവിൽ അമ്മ എന്റെ ഫോൺ കോളിന് ഉത്തരം നൽകിത്തുടങ്ങി. തുടർന്ന് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ദൈവത്തിന്റെ സത്യം സ്നേഹപൂർവ്വം പങ്കുവെക്കുവാൻ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ അനുരഞ്ജനത്തിന് മാസങ്ങൾക്ക് ശേഷം, തനിക്ക് മാറ്റം ഉണ്ടായെന്ന് അമ്മ പറഞ്ഞു. പിന്നീട് ഒരു വർഷത്തിനുശേഷം, എന്റെ അമ്മ, യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു, അതിന്റെ ഫലമായി ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലായി.
യേശുവിലുള്ള വിശ്വാസികൾക്ക്, മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ദാനമായ ക്രിസ്തുവിലേക്ക് പ്രവേശനം ഉണ്ട്. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ “അവനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വാസന ” എല്ലായിടത്തും പരത്തണം. (2 കൊരി. 2:14). സുവിശേഷം പങ്കിടുന്നവർ, രക്ഷിക്കപ്പെടുന്നവർക്കു, “ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു” എന്നും, എന്നാൽ യേശുവിനെ തള്ളിപ്പറയുന്നവർക്കു, “മരണത്തിലേക്കുള്ള വാസന ആകുന്നു” (വാ. 15-16) എന്നും അവൻ പ്രസ്താവിക്കുന്നു.
ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ചതിനുശേഷം, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യത്തെ പ്രചരിപ്പിക്കുവാൻ, ഭൂമിയിൽ നമുക്കുള്ള പരിമിതമായ സമയം ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ ഏറ്റവും പ്രയാസമേറിയതും ഏകാന്തവുമായ നിമിഷങ്ങളിൽപ്പോലും അവൻ നമുക്ക് ആവശ്യമുള്ളത് നൽകുമെന്ന് നമുക്ക് വിശ്വസിക്കാം. എന്തു വില കൊടുക്കേണ്ടിവന്നാലും, ദൈവത്തിന്റെ സുവിശേഷം എല്ലായ്പ്പോഴും പങ്കിടുന്നത് വിലയേറിയതാണ്.
നിഷേധാത്മകമായി പ്രതികരിച്ച ഒരാളുമായി നിങ്ങൾ സുവിശേഷം പങ്കുവെച്ചതിനുശേഷം മടുത്തു പിന്മാറാതിരിക്കുവാൻ ദൈവം നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിച്ചു? നിങ്ങൾ രണ്ടുപേരും യേശുവിൽ വിശ്വാസികളായി തീർന്നതിന്നു ശേഷം ദൈവം നിങ്ങളെ എങ്ങനെ പരസ്പരം അടുപ്പിച്ചു?
ദൈവമേ, നീ എന്നെ എവിടെക്ക് അയച്ചാലും നിന്റെ സുവിശേഷം പങ്കിടാൻ എന്നെ സഹായിക്കൂ.