1896-ൽ കാൾ അക്കെലി എന്ന പര്യവേക്ഷകനെ എത്യോപ്യയിലെ ഒരു കാട്ടിൽ, എൺപത് പൗണ്ടുള്ള ഒരു പുള്ളിപ്പുലി ആക്രമിച്ചു. അയാൾ ഓർക്കുന്നു : ” പല്ലുകൾ എന്റെ തൊണ്ടയിൽ ആഴ്ത്തുവാൻ ശ്രമിച്ച ” പുള്ളിപ്പുലിക്ക് പക്ഷെ ലക്ഷ്യം തെറ്റി; അതിന്റെ ക്രൂരമായ കടി അവന്റെ വലതുകൈയിലാണ് ഏറ്റത്. രണ്ടുപേരും മണലിൽ ഉരുണ്ടു- ഒരു നീണ്ട, കടുത്ത പോരാട്ടം നടന്നു. അക്കെലി ആകെ അവശനായി.”ആർ ആദ്യം വിട്ടുകൊടുക്കും എന്ന രീതിയിൽ പോരാട്ടം തുടർന്നു.” അവസാനശക്തിയും സംഭരിച്ച് വെറുംകൈയാൽ അക്കെലി അതിനെ ശ്വാസം മുട്ടിച്ചു കൊന്നു.
യേശുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരും എങ്ങനെയാണ് കടുത്ത പോരാട്ടങ്ങളെ നേരിടേണ്ടിവരിക എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു; നമ്മെ പരാജയപ്പെടുത്താൻ പാകത്തിലുള്ള പ്രലോഭനങ്ങൾ നേരിടാൻ സാധ്യതയുണ്ട്. “പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചു കൊണ്ട്” നമുക്ക് ” ഉറച്ച് നില്ക്കാം. ” (എഫേസ്യർ 6:11, 14) നമ്മുടെ ബലഹീനതയും ദൗർബല്യവും മനസ്സിലാക്കുമ്പോഴുള്ള ഭയത്താൽ തകർന്നുപോകുന്നതിനുപകരം, വിശ്വാസത്താൽ മുന്നോട്ട് പോകുവാൻ പൗലോസ് വെല്ലുവിളിച്ചു; കാരണം നാം നമ്മുടെ ധൈര്യത്തിലും ശക്തിയിലും അല്ല ,ദൈവത്തിലാണ് ആശ്രയിക്കുന്നത്. ” കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ” എന്ന് അദ്ദേഹം എഴുതി (വാ. 10). നമ്മൾ വെല്ലുവിളികൾ നേരിടുമ്പോൾ ഓർക്കുക; ദൈവം കേവലം ഒരു പ്രാർത്ഥനയുടെ അകലത്തിലുണ്ട്.(വാ. 18).
അതെ, നമ്മൾക്ക് നിരവധി പോരാട്ടങ്ങളുണ്ട്, സ്വന്തം ശക്തികൊണ്ടോ വൈഭവം കൊണ്ടോ നമ്മൾ ഒരിക്കലും അവയിൽ നിന്ന് രക്ഷപ്പെടില്ല. എന്നാൽ നമ്മൾ നേരിടുന്ന ഏതൊരു ശത്രുവിനേക്കാളും തിന്മയേക്കാളും ശക്തനാണ് ദൈവം.