1478 -ൽ ഇറ്റലിയിലെ ഫ്ലോറൻസിന്റെ ഭരണാധികാരിയായ ലൊറെൻസോ ഡി മെഡിസി തന്റെ ജീവനു നേരെയുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടർന്നു അദ്ദേഹത്തിന്റെ നാട്ടുകാർ, അവരുടെ നേതാവിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുവാൻ ഒരു യുദ്ധത്തിന് പുറപ്പെട്ടു. സാഹചര്യം വഷളായി, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായിത്തീർന്നു, പക്ഷേ ലോറെൻസോയുടെ ധീരമായ പ്രവർത്തി എല്ലാം മാറ്റിമറിച്ചു. അദ്ദേഹം ഒറ്റയ്ക്ക് രാജാവിനെ നിരായുധനായി സന്ദർശിച്ചു. ഈ ധീരതയും, അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ചുറുചുറുക്കും, ഫെറാന്റെയുടെ പ്രശംസ നേടുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
ദാനിയേലും ഒരു രാജാവിന്റെ ഹൃദയം മാറുവാൻ കാരണമായി. ബാബിലോണിലെ ആർക്കും നെബൂഖദ്നേസർ രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്നത്തെ വിവരിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു, ദാനിയേലും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാ ഉപദേശകരെയും വധിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ തങ്ങളെ വധിക്കുവാൻ തീരുമാനിച്ചിരിക്കുന്ന രാജാവിന്റെ സന്നിധിയിൽ തന്നെ കൊണ്ടുപോകേണം എന്നു ദാനിയേൽ ആവശ്യപ്പെട്ടു (ദാനിയേൽ 2:24).
നെബൂഖദ്നേസറിന്റെ മുമ്പിൽ നിന്നുകൊണ്ട്, രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ദൈവത്തിന് ദാനിയേൽ സകല മഹത്വവും നൽകി (വാ. 28). പ്രവാചകൻ സ്വപ്നത്തെ വിവരിക്കുകയും അതിന്റെ അർത്ഥം ബോധിപ്പിക്കയും ചെയ്തപ്പോൾ, നെബൂഖദ്നേസർ “ദൈവാധിദൈവവും രാജാധികർത്താവും ആയ ദൈവത്തെ” ആദരിച്ചു (വാ. 47). ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താൽ ഉളവായ ദാനിയേലിന്റെ അസാധാരണമായ ധൈര്യം അദ്ദേഹത്തെയും കൂട്ടുകാരെയും മറ്റ് ഉപദേശകരെയും മരണത്തിൽനിന്ന് രക്ഷിച്ചു.
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറാൻ ധൈര്യവും മനസാന്നിദ്ധ്യവും ആവശ്യമുള്ള സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും തക്കസമയത്ത് എന്താണ് പറയേണ്ടതെന്ന അറിവും അത് നന്നായി പറയാനുള്ള കഴിവും ജ്ഞാനവും നൽകട്ടെ.
ആരുടെയെങ്കിലും ധൈര്യം നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ? ദൈവത്തിനുവേണ്ടി ധൈര്യപൂർവ്വം പ്രവർത്തിക്കാനുള്ള ദൈവശക്തിയിൽ നിങ്ങൾക്ക് എങ്ങനെ ആശ്രയിക്കാം?
പ്രിയപ്പെട്ട യേശുവേ, ഭൂമിയിലെ ജീവിതകാലത്ത് അങ്ങ് കാണിച്ച ധൈര്യത്തിനായി നന്ദി. ഞാൻ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ അങ്ങേ ജ്ഞാനത്താലും ശക്തിയാലും എന്നെ നിറയ്കണമേ .