“ഇത് ഞാൻ കഴിക്കുന്ന അവസാനത്തെ ചിപ്സ് ആണ്” എന്ന് പറഞ്ഞിട്ട്,അഞ്ച് മിനിറ്റിനുശേഷം അതു പിന്നെയും നിങ്ങൾ അന്വേഷിക്കുന്നതെന്തുകൊണ്ടാണ്? മൈക്കൽ മോസ് തന്റെ “സാൾട്ട് ഷുഗർ ഫാറ്റ്” (Salt Sugar Fat) എന്ന പുസ്തകത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പലഹാര നിർമ്മാതാക്കൾക്ക്, ജങ്ക് ഫുഡിനോട് കൊതി തോന്നാൻ ആളുകളെ “എങ്ങനെ സഹായിക്കണമെന്ന്” അറിയാമെന്ന് അദ്ദേഹം വിവരിക്കുന്നു. നമ്മുടെ ഭക്ഷണത്തോടുള്ള താൽപര്യം മുതലെടുക്കുവാൻ, ഒരു ജനപ്രിയ കമ്പനി ഒരു വർഷം 30 മില്യൺ ഡോളർ (ഏകദേശം 222 കോടി രൂപ) ചെലവഴിച്ച് ഉപഭോക്താക്കളുടെ സന്തോഷ താല്പര്യങ്ങൾ നിർണ്ണയിക്കുവാൻ “ക്രേവ് കൺസൾട്ടന്റുമാരെ”നിയമിക്കാറുണ്ട്.
ആ കമ്പനിയിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ആത്മാക്കൾക്ക് സംതൃപ്തി നൽകുന്ന യഥാർത്ഥ ഭക്ഷണം — ആത്മീയ ഭക്ഷണം — ആഗ്രഹിക്കുവാൻ യേശു നമ്മെ സഹായിക്കുന്നു. അവൻ പറഞ്ഞു, “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.”(യോഹന്നാൻ 6:35). ഈ അവകാശവാദം ഉന്നയിച്ചുകൊണ്ട്, അദ്ദേഹം രണ്ട് പ്രധാന കാര്യങ്ങൾ പറഞ്ഞു: ആദ്യം, അവൻ സംസാരിച്ച അപ്പം ഒരു വസ്തുവല്ല, ഒരു വ്യക്തിയാണ് (വാ. 32). രണ്ടാമതായി, പാപമോചനത്തിനായി ആളുകൾ യേശുവിൽ ആശ്രയിക്കുമ്പോൾ, അവർ അവനുമായി ശരിയായ ബന്ധത്തിൽ പ്രവേശിക്കുകയും അവരുടെ ആത്മാവിന്റെ ഓരോ ആഗ്രഹത്തിനും തൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. ഈ അപ്പം ശാശ്വതവും ആത്മീയവുമായ ഭക്ഷണമാണ്, അത് സംതൃപ്തിയിലേക്കും ജീവനിലേക്കും നയിക്കുന്നു.
സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പമായ യേശുവിൽ നമ്മൾ വിശ്വാസം അർപ്പിക്കുമ്പോൾ, നമ്മൾ അവനെ ആഗ്രഹിക്കും, അവൻ നമ്മുടെ ജീവിതത്തെ ശക്തിപ്പെടുത്തുകയും പരിവർത്തനം ചെയ്യുകയും ചെയ്യും.