2020 ഓഗസ്റ്റിൽ, സ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നിവാസികൾ മഞ്ഞുപോലെ നിരത്തിൽ ചോക്ലേറ്റ് മൂടിയതായി കണ്ട് ഞെട്ടി! ഒരു പ്രാദേശിക ചോക്ലേറ്റ് ഫാക്ടറിയുടെ വെന്റിലേഷൻ സംവിധാനത്തിലെ തകരാർ മൂലം, ചോക്ലേറ്റ് കണങ്ങൾ വായുവിലേക്ക് വ്യാപിക്കുന്നതിന് കാരണമായി. തത്ഫലമായി, ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് കണങ്ങൾ മഞ്ഞായി കാറുകളെയും തെരുവുകളെയും മൂടുകയും നഗരം മുഴുവൻ ഒരു മിഠായി സ്റ്റോർ പോലെ മണക്കുകയും ചെയ്തു.
സ്വർഗ്ഗത്തിൽ നിന്ന് വീഴുന്ന രുചികരമായ “അത്ഭുത” ഭക്ഷണത്തെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, പുറപ്പാടിലെ ഇസ്രായേൽ ജനതയ്ക്കുള്ള ദൈവത്തിന്റെ കരുതലുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. ഈജിപ്തിൽ നിന്നുള്ള നാടകീയമായ രക്ഷപ്പെടലിനെത്തുടർന്ന്, മരുഭൂമിയിൽ, പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യത്താൽ ജനങ്ങൾ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ജനങ്ങളുടെ ദുരിതം കണ്ട ദൈവം “ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും” എന്നു വാഗ്ദാനം ചെയ്തു (പുറപ്പാട് 16: 4). പിറ്റേന്ന് രാവിലെ, മരുഭൂമിയിൽ ആകെ ഒരു നേരിയ വസ്തു പൊഴിഞ്ഞു കിടന്നു. മന്ന എന്നറിയപ്പെട്ട ഈ ദൈനംദിന ആഹാരം അടുത്ത നാൽപത് വർഷത്തേക്ക് തുടർന്നു.
യേശു ഭൂമിയിൽ വന്നപ്പോൾ, ജനക്കൂട്ടത്തിന് അദ്ഭുതകരമായി അപ്പം നൽകിയപ്പോൾ, ദൈവം അവനെ അയച്ചതാണെന്ന് ആളുകൾ വിശ്വസിക്കുവാൻ തുടങ്ങി (യോഹന്നാൻ 6: 5-14). എന്നാൽ, താൻ തന്നെയാണ് “ജീവന്റെ അപ്പം” എന്നും (വാ. 35), താൽക്കാലിക അപ്പം അല്ല , നിത്യജീവനെ നല്കുവാനാണ് താൻ വന്നതെന്നും (വാ. 51) യേശു പഠിപ്പിച്ചു.
ആത്മീയ ആഹാരത്തിനായി ആഗ്രഹിക്കുന്ന നമുക്ക്, ദൈവത്തോടൊപ്പം അനന്തമായ ജീവൻ യേശു വാഗ്ദാനം ചെയ്യുന്നു. ആഴത്തിലുള്ള നമ്മുടെ ആത്മാവിന്റെ വാഞ്ഛയെ തൃപ്തിപ്പെടുത്താനാണ് അവൻ വന്നത് എന്നു നമുക്ക് വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യാം.
യേശുവിനെ നിങ്ങൾക്കു ആവശ്യമാണെന്ന് നിങ്ങൾ എപ്പോഴാണ് തിരിച്ചറിഞ്ഞത്? എങ്ങനെയുള്ള ആത്മീയ സംതൃപ്തിയാണ് നിങ്ങൾ അവനിൽ അനുഭവിച്ചത് ?
യേശുവേ, എനിക്കു ദൈവവുമായുള്ള ബന്ധം ആസ്വദിക്കുവാനായി, നിന്റെ ജീവനെ നൽകുവാൻ നീ ഭൂമിയിലേക്ക് വന്നതിനാൽ നന്ദി.