ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു. ഉല്പത്തി 1:27
ഇറാഖി കുടിയേറ്റക്കാരിയായ ആമിനയും ജനനം മുതൽ അമേരിക്കക്കാരനായ ജോസഫും എതിർചേരികളിലായി ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു. വംശീയതയും രാഷ്ട്രീയവും കൊണ്ട് വേർപിരിഞ്ഞവർ പരസ്പരം അനിയന്ത്രിതമായ ശത്രുത പുലർത്തുന്നുവെന്ന് വിശ്വസിക്കുവാൻ ആണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒരു ചെറിയ ആൾക്കൂട്ടം ജോസഫിനോടു കയർക്കുകയും, അവന്റെ കുപ്പായത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ആമിന അവനെ സംരക്ഷിക്കുവാൻ പാഞ്ഞു ചെന്നു. “മനുഷ്യർ എന്ന നിലയിൽ, ഒരു പരിധിയിൽ കൂടുതൽ അകലാൻ നമ്മൾക്കു കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ജോസഫ് ഒരു റിപ്പോർട്ടറോട് പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ ആഴത്തിലുള്ള എന്തോ ഒന്ന് ആമിനയെയും ജോസഫിനെയും ഒരുമിച്ച് ചേർക്കുന്നുണ്ട്.
നമുക്ക് പലപ്പോഴും പരസ്പരം വിയോജിപ്പുകൾ ഉണ്ടെങ്കിലും – നമുക്ക് അവഗണിക്കാൻ കഴിയാത്ത വിയോജിപ്പുകൾ ഉണ്ട് – നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന, അതിനേക്കാൾ ആഴമേറിയ , ചില യാഥാർത്ഥ്യങ്ങളുണ്ട്. നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആയതിനാൽ മനുഷ്യൻ എന്ന പ്രിയപ്പെട്ട ഏകകുടുംബത്തിന്റ ഭാഗവുമാണ്. ലിംഗം, വർഗം, വംശം അല്ലെങ്കിൽ രാഷ്ട്രീയം എന്നിവക്കതീതമായി ദൈവം തന്റെ – “സ്വന്തം സ്വരൂപത്തിൽ” (ഉല്പത്തി 1:27) നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചു എന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മറ്റെന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായാലും, ദൈവം നിങ്ങളിലും എന്നിലും പ്രതിഫലിക്കുന്നു എന്നതാണ് സത്യം. അതിനാൽ, ബുദ്ധിയോടും വിവേകത്തോടും കൂടെ ജീവിച്ച്, ദൈവം നിർമ്മിച്ച ഭൂമിയെ “നിറയ്ക്കാനും” “വാഴുവാനും” അവൻ നമുക്ക് ഉത്തരവാദിത്തം പങ്കിട്ട് നൽകിയിരിക്കുന്നു (വാ. 28).
നമ്മൾ ദൈവത്താൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മറന്നുപോകുമ്പോഴെല്ലാം, നമുക്കും മറ്റുള്ളവർക്കും നാശമുണ്ടാക്കും. പക്ഷേ, അവന്റെ കൃപയിലും സത്യത്തിലും നമ്മൾ ഒത്തുചേരുമ്പോഴെല്ലാം, നല്ലതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാനുള്ള അവന്റെ ആഗ്രഹത്തിൽ നമ്മളും പങ്കുകാരാകുന്നു.