എനിക്ക് പലപ്പോഴും ആത്മീയധ്യാനങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കുറച്ച് ദിവസം തിരക്കുകളിൽ നിന്നും മാറിനിൽക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രോഗ്രാമിനിടെ ഞാൻ ചിലപ്പോൾ പങ്കെടുക്കുന്നവരോട് ഒരു കാര്യം ചെയ്യുവാൻ ആവശ്യപ്പെടാറുണ്ട്: “നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ മരണവാർത്ത പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതും സങ്കൽപ്പിക്കുക. ആ ചരമക്കുറിപ്പ് എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” പങ്കെടുക്കുന്ന ചിലർ, തങ്ങളുടെ ജീവിതം നന്നായി പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് അവരുടെ ജീവിതത്തിന്റെ മുൻഗണനകൾ മാറ്റുവാൻ ഇടയായിട്ടുണ്ട്.
2 തിമൊഥെയൊസ് 4-ൽ, അപ്പോസ്തലനായ പൗലോസിന്റെ, അവസാനമായി എഴുതപ്പെട്ട വാക്കുകൾ അടങ്ങിയിരിക്കുന്നു. മിക്കവാറും അറുപതുകളിൽ മാത്രമായിരുന്നിട്ടും, മുമ്പ് താൻ മരണത്തെ അഭിമുഖകരിച്ചിട്ടുണ്ടങ്കിലും, ഇപ്പോൾ തന്റെ ജീവിതം ഏതാണ്ട് അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി (2 തിമോ. 4: 6). ഇനി മിഷനറി യാത്രകളോ സഭകൾക്ക് ലേഖനങ്ങൾ എഴുതലോ ഉണ്ടാകില്ല. അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു” (വ. 7). തികഞ്ഞവനല്ലെങ്കിലും (1 തിമൊ. 1: 15-16), ദൈവത്തോടും സുവിശേഷത്തോടും എത്രത്തോളം സത്യസന്ധത പുലർത്തിയെന്ന് പൗലോസ് തന്റെ ജീവിതത്തെ വിലയിരുത്തുന്നു. പാരമ്പര്യം സൂചിപ്പിക്കുന്നത്, താമസിയാതെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
ഇപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് ഗ്രഹിക്കുവാൻ, നമ്മുടെ അന്ത്യനാളുകളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. പൗലോസിന്റെ വാക്കുകൾ നമുക്ക് പിന്തുടരാനുള്ള മാതൃക കാണിച്ചു തരുന്നു:നല്ല പോരാട്ടം പൊരുതുക, ഓട്ടം തികക്കുക, വിശ്വാസം കാത്തുസൂക്ഷിക്കുക. കാരണം, അവസാനം വരെ നാം ദൈവത്തോടും അവന്റെ വഴികളോടും വിശ്വസ്തരായിരിക്കുക എന്നതിലാണ് കാര്യം. അതിനായി നമുക്ക് ജീവിക്കുവാൻ ആവശ്യമായിട്ടുള്ളതു അവൻ നൽകുന്നു; ആത്മീയ പോരാട്ടങ്ങളിൽ നമ്മെ നയിക്കുകയും അവ നന്നായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ ചരമക്കുറിപ്പ് പ്രസിദ്ധീകരിക്കുമെന്നും സങ്കൽപ്പിക്കുക.അത് എങ്ങനെ ആയിരിക്കുവാൻ ആണ് നിങ്ങളുടെ ആഗ്രഹം? നന്നായി "ഓട്ടം പൂർത്തിയാക്കുവാൻ" നിങ്ങൾക്കിപ്പോൾ എന്തു മാറ്റങ്ങൾ വരുത്താനാകും?
പിതാവായ ദൈവമേ, അവസാനം വരെ, അങ്ങേക്കായി, വിശ്വസ്തതയോടെ ജീവിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ.