ആയോധനകലയുടെ പരമ്പരാഗത ജാപ്പനീസ് രൂപമായ ഐക്കിഡോയെക്കുറിച്ചുള്ള ആമുഖപാഠം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരു ആക്രമണകാരിയെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ആദ്യ പ്രതികരണം “ഓടിപ്പോകുക” എന്നായിരിക്കണമെന്ന് സെൻസി അല്ലെങ്കിൽ അദ്ധ്യാപകൻ ഞങ്ങളോട് പറഞ്ഞു. “നിങ്ങൾക്ക് ഓടിപ്പോകുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം, നിങ്ങൾ പൊരുതുക,” അദ്ദേഹം ഗൗരവത്തോടെ പറഞ്ഞു.
ഓടിപ്പോകുക? ഞാൻ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വളരെ നൈപുണ്യമുള്ള ഈ സ്വയം പ്രതിരോധ പരിശീലകൻ പോരാട്ടത്തിൽ നിന്ന് ഓടിപ്പോകുവാൻ ഞങ്ങളോട് പറയുന്നത്? സത്യത്തിൽ ഇത് ഒരു ശരിയായ നടപടിയായി തോന്നിയില്ല – പോരാടുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച , ആദ്യത്തെ , സ്വയം പ്രതിരോധമെന്ന കാര്യം അദ്ദേഹം വിശദീകരിക്കുന്നതുവരെ . തീർച്ചയായും അതങ്ങനെയാണ്!
യേശുവിനെ അറസ്റ്റുചെയ്യുവാൻ നിരവധി ആളുകൾ വന്നപ്പോൾ, പത്രോസ് നമ്മിൽ ചിലർ പ്രതികരിക്കുന്നതു പോലെ വാളെടുത്ത് അവരിൽ ഒരാളെ ആക്രമിക്കുവാൻ ശ്രമിച്ചു (മത്താ. 26:51; യോഹ. 18:10 കാണുക). എന്നാൽ യേശു അവനെ തടഞ്ഞു, “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും?” (മത്താ. 26:54).
നീതിബോധം പ്രധാനമാണെങ്കിലും, ദൈവത്തിന്റെ രാജ്യവും നീതിയും മനസ്സിലാക്കുന്നതും പ്രധാനമാണ്. നമ്മുടെ കാഴ്ചപ്പാടിന് വിപരീതമായി, ദൈവരാജ്യം, ശത്രുക്കളെ സ്നേഹിക്കുവാനും തിന്മയെ കരുണകൊണ്ട് നേരിടുവാനും നമ്മെ ക്ഷണിക്കുന്നു (5:44). ലോകം പ്രതികരിക്കുന്നതിനു തികച്ചും വിപരീതമാണിത്, എങ്കിലും ദൈവം നമ്മിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ഒരു പ്രതികരണമാണിത്.
ലൂക്കോസ് 22:51 –ൽ പത്രോസ് മുറിവേല്പിച്ച മനുഷ്യന്റെ ചെവി യേശു സുഖപ്പെടുത്തുന്നതിനെക്കുറിച്ചു വിവരിക്കുന്നു. അവൻ ചെയ്തതു പോലെ, പ്രയാസകരമായ സാഹചര്യങ്ങളോട് സമാധാനത്തോടും ശാന്തതയോടും കൂടെ പ്രതികരിക്കുവാൻ നമുക്ക് പഠിക്കാം. ദൈവം നമുക്കാവശ്യമുള്ളത് പ്രദാനം ചെയ്യും.
അടുത്തകാലത്ത്,ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തോട് നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചതു? ഈ സാചര്യത്തിൽ യേശുവാണെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നതുമായി നിങ്ങളുടെ പ്രതികരണത്തെ താരതമ്യം ചെയ്യാമോ?
പിതാവേ, ദൈവരാജ്യത്തിലെ വലിയ ഉദ്ദേശ്യങ്ങളെക്കുറിച്ച് എനിക്ക് പുതിയ ധാരണയും നിന്റെ മകനെപ്പോലെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിന് ദൈവികസ്നേഹവും സമാധാനവും ഉള്ള ഒരു ഹൃദയവും തരണമേ.