നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. വെളിപ്പാട് 3:19
അമേരിക്കയിലെ കൊളറാഡോയിൽ ഞങ്ങൾ താമസിക്കുന്ന ഇടത്തെ താപനില പെട്ടെന്ന് മാറും -ചിലപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ. അതിനാൽ ഉപകരണപ്രേമിയായ എന്റെ ഭർത്താവ് ഡാൻ, ഞങ്ങളുടെ വീട്ടിലും പരിസരങ്ങളിലുമുള്ള താപനിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ, ഞങ്ങളുടെ വീടിന് ചുറ്റുമുള്ള നാല് മേഖലകളിൽ നിന്നുള്ള താപനില കാണിക്കുന്ന ഒരു തെർമോമീറ്റർ വാങ്ങിയത് ആവേശത്തോടെ കാണിച്ചു.. ഇത് ഒരു പ്രയോജനമില്ലാത്ത സാധനം ആണെന്ന് ഞാൻ തമാശക്ക് പറഞ്ഞെങ്കിലും, ഞാൻതന്നെ അറിയാതെ , പതിവായി അതിൽ താപനില പരിശോധിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അകത്തും പുറത്തും ഉള്ള താപവ്യത്യാസങ്ങൾ എന്നെ വിസ്മയിപ്പിച്ചു.
വെളിപ്പാട് പുസ്തകത്തിൽ ഉദ്ധരിച്ച ഏഴ് നഗരങ്ങളിൽ ഏറ്റവും സമ്പന്നമായ ലവോദിക്യയിലെ ” ശീതോഷ്ണവാൻ ” സഭയെ വിവരിക്കുവാൻ യേശു താപനിലയെ ഉപയോഗിച്ചു. തിരക്കേറിയ പണമിടപാടു കേന്ദ്രവും വസ്ത്രവ്യാപാര കേന്ദ്രവും ചികിത്സാകേന്ദ്രവുമായിരുന്ന ഈ നഗരത്തിലെ ജലവിതരണം ദൂരെയുള്ള ഒരു ചൂടുനീരുറവയിൽ നിന്ന് ആയിരുന്നു. അവിടെ നിന്നും ഒരു കനാൽ വഴി വെള്ളം ലാവോദിക്യയിൽ എത്തുമ്പോഴേക്കും അത് ചൂടും തണുപ്പും അല്ലാത്ത സ്ഥിതിയിലായിരുന്നു.
ആ സഭയും അങ്ങനെ ചൂടും തണുപ്പമില്ലാത്തതായിരുന്നു. യേശു പറഞ്ഞു, “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.”(വെളിപ്പാട് 3: 15-16). ക്രിസ്തു വിശദീകരിച്ചു : “എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.”(വാ. 19).
നമ്മുടെ രക്ഷകന്റെ ആഹ്വാനം നമുക്കും ബാധകമാണ്. നിങ്ങൾ ആത്മീയമായി ശീതോഷ്ണസ്ഥിതിയിൽ ആണോ? അവന്റെ തിരുത്തൽ സ്വീകരിച്ച്, ആത്മാർഥതയും തീക്ഷ്ണതയും ഉളള വിശ്വാസത്തിൽ ജീവിക്കുവാൻ സഹായത്തിനായി അവനോട് അപേക്ഷിക്കുക.