1854 -ൽ, ഒരു യുവ റഷ്യൻ പീരങ്കി ഉദ്യോഗസ്ഥൻ പീരങ്കികൾ സ്ഥാപിക്കപ്പെട്ട കുന്നിൻ മുകളിലിരുന്ന് അങ്ങ്‌ താഴെയുള്ള ഒരു യുദ്ധക്കളത്തിലെ കൂട്ടക്കുരുതി കണ്ടുകൊണ്ടിരിക്കുമായിരുന്നു. “ആളുകൾ പരസ്പരം കൊല്ലുന്നത് ഒരുതരം പ്രത്യേകമായ ആനന്ദത്തോടെ കണ്ടുകൊണ്ടിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതു കാണാൻ കുറെ മണിക്കൂറുകൾ ചെലവഴിക്കുക പതിവായിരുന്നു” ലിയോ ടോൾസ്റ്റോയ് എഴുതി.
ടോൾസ്റ്റോയിയുടെ കാഴ്ചപ്പാട് പെട്ടെന്ന് മാറി. സെവാസ്റ്റോപോൾ നഗരത്തിലെ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ടതിനുശേഷം അദ്ദേഹം എഴുതി, “മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായി, നഗരത്തിൽ കേട്ട വെടിയൊച്ചകളുടെ ഗൗരവം നിങ്ങൾക്കിപ്പോൾ മനസ്സിലാവും.”
പ്രവാചകനായ യോനാ ഒരിക്കൽ നിനെവേയുടെ നാശം കാണാൻ ഒരു കുന്നിൻ മുകളിൽ കയറി (യോനാ 4: 5). ദൈവത്തിന്റെ ന്യായവിധിയുടെ മുന്നറിയിപ്പ് ആ നിഷ്ഠൂരമായ നഗരത്തിന് അദ്ദേഹം നൽകി. എന്നാൽ നിനെവേക്കാർ അനുതപിച്ചു. ഇതിൽ യോനാ നിരാശനായി. എന്നിരുന്നാലും, നഗരം വീണ്ടും തിന്മയിലേക്ക് തിരിഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷം, നഹൂം പ്രവാചകൻ അതിന്റെ നാശത്തെക്കുറിച്ച് വിവരിച്ചു: “അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു” (നഹൂം 2: 3 IRV).
നിനെവേയുടെ നിരന്തരമായ പാപം നിമിത്തം ദൈവം ശിക്ഷ അയച്ചു. പക്ഷേ, അവൻ യോനയോട് പറഞ്ഞു, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” (യോനാ 4:11 IRV).
ദൈവത്തിന്റെ നീതിയും സ്നേഹവും ഒരുമിച്ച് പോകുന്നു. തിന്മയുടെ അനന്തരഫലങ്ങൾ നഹൂം പ്രവചനം കാണിക്കുന്നു. നമ്മളിൽ ഏറ്റവും മോശപ്പെട്ടവരോടുപോലുമുള്ള ദൈവത്തിന്റെ തീവ്രമായ അനുകമ്പ യോനായുടെ പുസ്തകവും വെളിപ്പെടുത്തുന്നു. നാം അനുതപിക്കുകയും ദൈവികമായ അനുകമ്പ മറ്റുള്ളവരോട് കാണിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിന്റെ ഹൃദയത്തിന്റെ ആഗ്രഹം.