ആ ‘ഇടുക്കുവാതിൽ കഫെ’ കണ്ടെത്തി പ്രവേശിക്കുന്നവരെ എല്ലാത്തരം രുചികരമായ ഭക്ഷണങ്ങളും കാത്തിരിക്കുന്നു. തായ്‌വാൻ നഗരമായ തായ്‌നാനിൽ സ്ഥിതിചെയ്യുന്ന ഈ കഫെ അക്ഷരാർത്ഥത്തിൽ മതിലിലെ ഒരു ദ്വാരമാണ്. അതിന്റെ പ്രവേശന കവാടത്തിന് കഷ്ടിച്ച് നാല്പത് സെന്റിമീറ്റർ വീതിയാണ് (പതിനാറ് ഇഞ്ചിൽ താഴെ). ഒരു ശരാശരി വ്യക്തിക്ക് ഇതിൽ കൂടി ഞെരുങ്ങി മാത്രമേ അകത്തു കടക്കുവാൻ കഴിയൂ! ഇത്രത്തോളം വെല്ലുവിളി ഉണ്ടായിരുന്നിട്ടും, ഈ പ്രത്യേക കഫെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
ലൂക്കോസ് 13: 22-30 ൽ വിവരിച്ചിരിക്കുന്ന ഇടുങ്ങിയ വാതിലിന്റെ കാര്യത്തിൽ ഇത് സത്യമായിരിക്കുമോ? ആരോ യേശുവിനോട് ചോദിച്ചു, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ?” (വാ. 23). അതിനു മറുപടിയായി, ദൈവരാജ്യത്തിലേക്കുള്ള “ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാടുവിൻ” എന്ന് യേശു ആ വ്യക്തിയോട് ആഹ്വാനം ചെയ്തു (വാ. 24). യേശു യഥാർത്ഥത്തിൽ ചോദിക്കുകയായിരുന്നു, “രക്ഷിക്കപ്പെട്ടവരിൽ നീയും ഉൾപ്പെടുമോ?” എന്ന് . യഹൂദന്മാർ അഹങ്കരിക്കേണ്ട ആവശ്യമില്ലെന്നു പറയാൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അബ്രഹാമിന്റെ സന്തതികളായതിനാലോ അല്ലെങ്കിൽ നിയമം പാലിച്ചതിനാലോ ദൈവരാജ്യത്തിൽ ഉൾപ്പെടുമെന്ന് അവരിൽ പലരും വിശ്വസിച്ചു. പക്ഷേ, “വീട്ടുടയവൻ എഴുന്നേറ്റു വാതിൽ അടയ്ക്കുന്നത്തിന് മുമ്പായി” മാനസാന്തരപ്പെടുവാൻ യേശു അവരെ ആഹ്വാനം ചെയ്തു.
നമ്മുടെ കുടുംബ പശ്ചാത്തലത്തിനോ പ്രവൃത്തികൾക്കോ ​​നമ്മെ ദൈവവുമായി അടുപ്പിക്കുവാൻ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തിന് മാത്രമേ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയൂ (എഫെസ്യർ 2: 8-9; തീത്തൊസ് 3: 5-7). വാതിൽ ഇടുങ്ങിയതാണ്, എന്നാൽ യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അത് വിശാലമായി തുറന്നിട്ടിരിക്കുന്നു. തന്റെ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.