പൈപ്പ് പൊട്ടി വെള്ളം തെരുവിലേക്ക് ചീറ്റിക്കൊണ്ടിരുന്നു. എന്റെ മുന്നിൽ നിരവധി കാറുകൾ വെള്ളത്തിലൂടെ കടന്നുപോയി. അത് നല്ല ഒരു അവസരമായി എനിക്കു തോന്നി. എന്റെ കാർ ഒരു മാസമായി കഴുകാതെ പൊടിപിടിച്ചിരുന്നു. ഞാൻ ചിന്തിച്ചു, സൗജന്യമായി കാർ കഴുകാൻ പറ്റിയ മാർഗ്ഗം! ഞാൻ വെള്ളച്ചാട്ടത്തിനു നേരെ കാർ ഓടിച്ചു.
ഠപ്പെ! പെട്ടന്ന് കണ്ണാടി പൊട്ടുന്ന ശബ്ദം. അന്നു രാവിലെ എന്റെ കാറിനുമേൽ സൂര്യപ്രകാശം നന്നായി അടിച്ചിരുന്നതിന്നാൽ, അതിന്റെ ഗ്ലാസും ഉൾഭാഗവും നല്ല ചൂടായിരുന്നു. പൈപ്പിൽ നിന്നുള്ള തണുത്ത വെള്ളം ചൂടുള്ള വിൻഡ്‌ഷീൽഡിൽ പതിച്ചയുടനെ, അതിന്റെ മുകളിൽ നിന്ന് താഴേക്ക് മിന്നൽ പോലെ ഒരു വിള്ളൽ വീണു. എന്റെ “സൗജന്യ കാർ വാഷ്” എനിക്ക് വളരെ ചെലവുള്ളതായി മാറി.
ഒരൽപ്പം ചിന്തിക്കാനോ ഒന്ന് പ്രാർത്ഥിക്കാനോ ഞാൻ സമയം എടുത്തിരുന്നെങ്കിൽ അതു സംഭവിക്കുകയില്ലായിരുന്നു. നിങ്ങൾക്കിങ്ങനെ എപ്പോഴെങ്കിലും അബദ്ധം ഉണ്ടായിട്ടുണ്ടോ? വളരെ നിർണായകമായ സമയത്ത് ഇസ്രായേൽ ജനങ്ങൾക്കു അങ്ങനെ സംഭവിച്ചു. ദൈവം അവർക്കു നൽകിയ ദേശത്തേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ജാതികളെ നീക്കിക്കളയണമെന്ന് ദൈവം പറഞ്ഞിരുന്നു (യോശുവ 3:10). അതവർ അന്യദൈവങ്ങളാൽ പ്രലോഭിപ്പിക്കപ്പെടാതിരിക്കുവാനായിരുന്നു (ആവ. 20: 16-18). എന്നാൽ വളരെ അടുത്തു വസിച്ചിരുന്ന ഒരു ജാതി, ഇസ്രായേലിന്റെ വിജയങ്ങൾ കണ്ട്, അവർ വളരെ ദൂരെയാണ് താമസിക്കുന്നതെന്നവരെ വിശ്വസിപ്പിക്കുവാൻ പഴകിയ അപ്പം ഉപയോഗിച്ചു. “യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു”(യോശുവ 9: 14-15). അറിയാതെ അവർ, ദൈവത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുവാൻ ഇടയായി.
പ്രാർത്ഥനയെ അവസാനത്തേതിനുപകരം ആദ്യത്തെ ആശ്രയമാക്കുമ്പോൾ, നമ്മൾ ദൈവത്തിന്റെ മാർഗ്ഗനിർദേശവും ജ്ഞാനവും അനുഗ്രഹവും ക്ഷണിക്കുകയാണ്. ഒരു നിമിഷം പ്രാർത്ഥനാപൂർവം നിന്നിട്ട് മുന്നോട്ട് പോകണമെന്ന കാര്യം ഓർമ്മിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.