രണ്ടാം ലോകമഹായുദ്ധസമയത്ത് പടിഞ്ഞാറൻ സ്ലൊവേനിയയിലെ ഒരു വിദൂര മലയിടുക്കിൽ, ഒരു രഹസ്യ മെഡിക്കൽ സങ്കേതത്തിൽ (ഫ്രാൻജാ പാർടിസൻ ഹോസ്പിറ്റൽ), നാസികളിൽ നിന്ന് മറഞ്ഞിരുന്ന്, പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെ പരിചരിക്കുന്ന കുറെ ജീവനക്കാർ ഉണ്ടായിരുന്നു. സ്ലൊവേനിയ പ്രതിരോധ പ്രസ്ഥാനം സ്ഥാപിച്ച ഈ സ്ഥാപനം കണ്ടെത്താനുള്ള നാസികളുടെ നിരവധി ശ്രമങ്ങളെ അവർ പരാജയപ്പെടുത്തി എന്നതു ശ്രദ്ധേയമായ ഒരു നേട്ടമാണെങ്കിലും, അതിലും ശ്രദ്ധേയമാണ് ഈ ആശുപത്രിയിൽ സഖ്യകക്ഷികളുടെയും അച്ചുതണ്ട് കക്ഷികളുടെയും സൈനികരെ ഒരു പോലെ അവർ ശുശ്രൂഷിച്ചിരുന്നു എന്നത്. ആ ആശുപത്രി എല്ലാവരെയും സ്വാഗതം ചെയ്തു!
സകല ലോകത്തിന്റെയും ആത്മീയ സൗഖ്യത്തിനായി സഹായിക്കുവാൻ തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നു. ഇതിനർത്ഥം നമുക്ക് എല്ലാവരോടും – അവരുടെ കാഴ്ചപ്പാടുകൾ പരിഗണിക്കാതെ – അനുകമ്പയുണ്ടായിരിക്കണം എന്നാണ്. അവരുടെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, ക്രിസ്തുവിന്റെ ദയയും സ്നേഹവും ഏവരും അർഹിക്കുന്നു. പൗലോസ് പറയുന്നു, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;…അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരി. 5:14-15). നമ്മളെല്ലാവരും പാപമെന്ന രോഗത്താൽ ബാധിതരാണ്. യേശുവിന്റെ പാപക്ഷമയുടെ സൗഖ്യം നമുക്കെല്ലാവർക്കും ആവശ്യമാണ്. നമുക്കു സൗഖ്യമുണ്ടാകുവാൻ അവൻ നമുക്കരികിലേക്കു വന്നു.
അത്ഭുതകരമായ രീതിയിൽ, ദൈവം നമ്മെ “ഈ നിരപ്പിന്റെ വചനം ഭരമേല്പിച്ചുമിരിക്കുന്നു” (വാ. 19). (നമ്മേപ്പോലെ ) മുറിവേറ്റവരും തകർന്നവരുമായ ആളുകളെ ശുശ്രൂഷിക്കുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള കൂട്ടായ്മ വഴി ‘രോഗികൾക്ക് ആരോഗ്യം’ ലഭിക്കുന്ന നിരപ്പിന്റെ ശുശ്രൂഷയിൽ നാമും പങ്കാളികളായിരിക്കുന്നു. ഈ നിരപ്പ്, ഈ സൗഖ്യം, അവനെ സ്വീകരിക്കുന്ന ഏവർക്കും ഉള്ളതാണ്.