2021 ലെ വസന്തകാലത്ത്, ടെക്സാസിൽ ചുഴലിക്കാറ്റും മഴവില്ലും ഒരുമിച്ചുണ്ടായപ്പോൾ നിരവധിപ്പേർ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുവാൻ ശ്രമിച്ചു. ഒരു വീഡിയോയിൽ, വയലിലെ ഗോതമ്പിന്റെ നീണ്ട തണ്ടുകൾ ചുഴലിക്കാറ്റിന്റെ ശക്തിയാൽ വളയുന്നതായി കാണപ്പെട്ടു. മനോഹരമായ ഒരു മഴവില്ല് ചാരനിറത്തിലുള്ള ആകാശത്തിന്റെ പശ്ചാത്തലത്തിൽ ആ വളഞ്ഞ ഗോതമ്പു ചെടികളെ തൊടുന്നതായി തോന്നി. മറ്റൊരു വീഡിയോയിൽ കാഴ്ചക്കാർ റോഡിന്റെ അരികിൽ നിന്നുകൊണ്ട് ഫണൽ ആകൃതിയിൽ കറങ്ങുന്ന മേഘത്തിനരികിൽ പ്രതീക്ഷയുടെ ആ ചിഹ്നം നോക്കുന്നതായി കാണുന്നു.
സങ്കീർത്തനം 107 ൽ, സങ്കീർത്തനക്കാരൻ പ്രത്യാശ വാഗ്ദാനം ചെയ്യുകയും പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിലേക്ക് തിരിയാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിന് നടുവിലായിരുന്ന ചിലരെ അദ്ദേഹം വിവരിക്കുന്നു, “അവരുടെ ബുദ്ധി പൊയ്പ്പോയിരുന്നു. ” ( വാ . 27 ) “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.” (വാ. 28).
ജീവിതം കൊടുങ്കാറ്റായി തോന്നുമ്പോൾ തന്റെ മക്കൾ ചിലപ്പോൾ പ്രത്യാശ അനുഭവിക്കുവാൻ പാടുപെടും എന്ന് ദൈവത്തിനറിയാം. ചക്രവാളം ഇരുണ്ടതും പ്രക്ഷുബ്ധവുമായി കാണപ്പെടുമ്പോൾ, അവന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്.
നമ്മുടെ കൊടുങ്കാറ്റുകൾ ജീവിതത്തിലെ ഗണ്യമായ തടസ്സങ്ങളായാലും, വൈകാരിക പ്രക്ഷുബ്ധതകളായാലും, മാനസിക പിരിമുറുക്കങ്ങളായാലും, ദൈവത്തിന് എപ്പോഴും നമ്മുടെ കൊടുങ്കാറ്റുകളെ “ശാന്തമാക്കി,” നാം “ആഗ്രഹിച്ച തുറമുഖത്ത് എത്തിക്കുവാൻ” കഴിയും (വാ. 29-30). നമുക്ക് ഇഷ്ടമുള്ള രീതിയിലോ സമയത്തിലോ നമുക്ക് ആശ്വാസം അനുഭവപ്പെട്ടില്ലെങ്കിലും, വചനത്തിൽ അവൻ നൽകിയ വാഗ്ദാനങ്ങൾ അവൻ പാലിക്കുമെന്ന് നമുക്ക് ദൈവത്തെ വിശ്വസിക്കാം. അവന്റെ ശാശ്വതമായ പ്രത്യാശ ഏത് കൊടുങ്കാറ്റിനെയും മറികടക്കും.