ഒക്ടോബറിലെ അവധിയുടെ സമയത്ത്, കഠിനമായ വേദനയുമായുള്ള പോരാട്ടത്തിൽ ചില ദിവസങ്ങൾ മുറിയിൽ തന്നെ തുടരുവാൻ ഞാൻ നിർബന്ധിതനായി. എന്റെ അവസ്ഥയും അന്തരീക്ഷം പോലെ മേഘാവൃതമായിരുന്നു. ഒടുവിൽ ഞാൻ എന്റെ ഭർത്താവിനോടൊത്ത് അടുത്തുള്ള ഒരു ലൈറ്റ് ഹൗസിൽ കാഴ്ചകൾ കാണാൻ പോയപ്പോൾ, കാർമേഘം ഞങ്ങളുടെ കാഴ്ച്ച നന്നേ മറച്ചിരുന്നു. എങ്കിലും ഞാൻ തണൽ നിറഞ്ഞ മലകളുടെയും തെളിച്ചമില്ലാത്ത ചക്രവാളത്തിന്റെയും ചിത്രമെടുത്തു.
പിന്നീട് രാത്രിയിലുണ്ടായ മഴമൂലം അകത്തിരുന്നപ്പോൾ ഞാൻ നിരാശയോടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്, ഞാൻ ക്യാമറ എന്റെ ഭർത്താവിന്റെ കൈയ്യിൽ കൊടുത്തു – “ഒരു മഴവില്ല്!” നേരത്തെ അന്ധകാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ, അപ്രതീക്ഷിതമായ പ്രത്യാശയുടെ വെളിച്ചം കൊണ്ട് എന്റെ ക്ഷീണിച്ച ആത്മാവിനെ ദൈവം നവീകരിക്കുന്നത് എനിക്ക് നഷ്ടമായി. (ഉല്പത്തി 9:13-16).
ശാരീരികമോ മാനസികമോ ആയ കഷ്ടതകൾ നമ്മെ പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചിഴച്ചേക്കാം.. ഉന്മേഷത്തിനായുള്ള നമ്മുടെ കാത്തിരിപ്പിൽ, ദൈവത്തിന്റെ നിരന്തരമായ സാന്നിദ്ധ്യത്തിന്റെയും അനന്തമായ ശക്തിയുടെയും ഓർമ്മപ്പെടുത്തലുകൾക്കായി നാം ദാഹിക്കുന്നു. (സങ്കീർത്തനം 42:1-3). കഴിഞ്ഞ കാലങ്ങളിൽ ദൈവം നമുക്കും മറ്റുള്ളവർക്കുമായി കടന്നുവന്ന എണ്ണമറ്റ സമയങ്ങളെ നാം ഓർത്താൽ, ഇപ്പോഴത്തെ സാഹചര്യം എത്ര മോശമായിരുന്നാലും നമ്മുടെ പ്രതീക്ഷ ദൈവത്തിൽ ഭദ്രമാണെന്ന് നമുക്ക് വിശ്വസിക്കാം (വാ.4-6).
തെറ്റായ മനോഭാവങ്ങളോ പ്രയാസമേറിയ സാഹചര്യങ്ങളോ നമ്മുടെ കാഴ്ച മറയ്ക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും, വചനം വായിക്കുവാനും, അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കുവാനുമായി അവൻ നമ്മെ ക്ഷണിക്കുന്നു (വാ.7-11). നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, നമ്മുടെ ഇരുൾ നിറഞ്ഞ ദിവസങ്ങൾക്കുമേൽ പ്രതീക്ഷയുടെ മഴവില്ലുകൾ കാണുവാൻ ഇടയാകുമെന്ന് നമുക്ക് വിശ്വസിക്കാം.
എപ്പോഴാണ് തെറ്റായ മനോഭാവം നിങ്ങളുടെ കാഴ്ചയെ വിപരീതമായി ബാധിച്ചിട്ടുള്ളത്? നിങ്ങളുടെ പ്രതീക്ഷ ദൈവത്തിൽ കേന്ദ്രീകൃതമാണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിക്കാം?
സ്നേഹവാനായ ദൈവമേ, എന്റെ ആത്മാവിന് ഉന്മേഷം തന്നതിനും ദയയ്ക്കായുള്ള എന്റെ അപേക്ഷയെ പ്രതീക്ഷ നിറഞ്ഞ സ്തുതികളാക്കിയതിനും നന്ദി.