അവിവാഹിതനും സ്വന്തം മക്കളില്ലാത്തവുനുമായ ബ്രൈൻറ്, ന്യൂയോർക്ക് ശിശുസംരക്ഷണ വകുപ്പിലായിരുന്നു ജോലിചെയ്തത്. ഓരോ ദിവസവും വളർത്തച്ഛന്റെയോ അമ്മയുടെയോ ആവശ്യം ഏറിക്കൊണ്ടിരുന്നതിനാൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം, ബ്രൈൻറ് അൻപതിലധികം കുട്ടികളെ വളർത്തി, ഒരിക്കൽ ഒറ്റത്തവണ ഒൻപതു കുട്ടികളെ വരെ അദ്ദേഹം പരിപാലിച്ചു. “എപ്പോഴൊക്കെ നോക്കിയാലും, താമസം ആവശ്യമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടാകും” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് നല്ലൊരു ഹൃദയവും വീട്ടിൽ സ്ഥലവും ഉണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ല”. താൻ വളർത്തി വലുതാക്കിയ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ബ്രൈന്റിന്റെ വീട്ടിൽ പ്രവേശനമുണ്ടായിരുന്നു. പലപ്പോഴും അവർ ഞായറാഴ്ചകളിൽ അവരുടെ “പപ്പയോടൊപ്പം” ഉച്ചഭക്ഷണത്തിന് വരുമായിരുന്നു. ബ്രൈൻറ് ഒരു പിതാവിന്റെ സ്നേഹം അനേകരോട് കാണിച്ചിരുന്നു.

വേദപുസ്തകം നമ്മോട് പറയുന്നത് മറന്നുകളഞ്ഞവരെയും ഒഴിവാക്കപ്പെട്ടവരേയും ദൈവം തേടി പോകുന്നു എന്നാണ്. എന്നുവരികിലും ചില വിശ്വാസികൾക്ക് ഈ ജീവിതത്തിൽ തങ്ങൾക്കുതന്നെ ഉപേക്ഷിക്കപ്പെട്ടവരായും ബലഹീനരായും തോന്നാം, അവരോടു കൂടെയും ഇരിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവം “അനാഥന്മാർക്കു പിതാവാകുന്നു” (സങ്കീർത്തനങ്ങൾ 68:5). നിഷേധത്താലും ദുരന്തങ്ങളാലും നാം ഒറ്റപ്പെടുമ്പോഴും, ദൈവം അവിടെത്തന്നെയുണ്ട് -നമ്മെ തേടി, നമ്മുടെ അരികിലേക്ക് വന്ന് അവൻ നമുക്ക് സമാധാനം തരുന്നു. നിശ്ചയമായും, “ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു”(വാ.6). യേശുവിൽ, മറ്റു വിശ്വാസികളും കൂടിച്ചേരുന്നതാണ് നമ്മുടെ ആത്മീക കുടുംബം.

നമ്മുടെ ഏകാന്തത, ഉപേക്ഷിക്കൽ, നമ്മുടെ വ്യക്തിബന്ധങ്ങളിലെ തകർച്ച – അങ്ങനെ വെല്ലുവിളി നിറഞ്ഞ നമ്മുടെ കുടുംബത്തിന്റെ കഥകൾ എന്തു തന്നെയായിരുന്നാലും നാം സ്നേഹിക്കപ്പെടുന്നു എന്ന് നമുക്കറിയാൻ കഴിയും. ദൈവത്തോടു കൂടെ, നാം ഒരിക്കലും പിതാവില്ലാത്തവരാകില്ല.