തന്റെ സ്വന്തം മകനെ സംരക്ഷിക്കുന്നതിൽ തന്നെ തടയുവാൻ ഒന്നിനും കഴിയുകയില്ല എന്ന് ആ അമ്മ തെളിയിച്ചു. അഞ്ചു വയസ്സുള്ള തന്റെ മകൻ വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ നിലവിളിക്കുന്നത് അവൾ കേട്ടു. ധൃതിയിൽ പുറത്തേക്കോടിയ അവൾ അവന്റെ “കളിക്കൂട്ടുകാരനെ” കണ്ടു ഞെട്ടി- ഒരു കടുവ. ആ വലിയ കടുവ അവളുടെ മകന്റെ തല വായിലാക്കിയിരുന്നു. ആ അമ്മ തന്റെ ഉള്ളിൽ ശക്തി സംഭരിച്ച് അതിനോട് പോരടിച്ചു അതിന്റെ വായിൽ നിന്ന് തന്റെ മകനെ രക്ഷിച്ചു. ആ അമ്മയുടെ വീരോചിതമായ പ്രവർത്തി തന്റെ വചനത്തിൽ കൂടി തന്റെ മക്കൾക്കായുള്ള ദൈവത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സ്നേഹത്തെയും സംരക്ഷണത്തേയും നമ്മെ ഓർമിപ്പിക്കുന്നു.
ഒരു തള്ളക്കഴുകൻ തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ ദൈവം തന്റെ ജനത്തെ ആർദ്രതയോടെ പരിപാലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു (ആവർത്തനം 32:10-11; യെശയ്യാവ് 66:13). ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയാത്തവണ്ണം ഒരു ബന്ധം ഉള്ളതുപോലെ, ദൈവം തന്റെ ജനത്തെ മറക്കുകയോ തന്റെ കരുണ വറ്റിപ്പോകയോ ഇല്ല (യെശയ്യാവ് 54:7-8). അവസാനമായി, ഒരു തള്ളപ്പക്ഷി തന്റെ തൂവലുകളുടെ സംരക്ഷണയിൽ കുഞ്ഞുങ്ങളെ മറയ്ക്കുന്നതുപോലെ, ദൈവം [തന്റെ ജനത്തെ] “തന്റെ തൂവലുകളാൽ മറയ്ക്കുന്നു.” തന്റെ വിശ്വസ്തത അവർക്ക് പരിചയും പലകയും ആകുന്നു (സങ്കീർത്തനം 91:4).
ചിലപ്പോൾ നാം ഏകരും, മറക്കപ്പെട്ടവരും, എല്ലാത്തരം ആത്മീക ശത്രുക്കളാലും പിടിക്കപ്പെട്ടവുരുമായി തോന്നാം. എന്നാൽ ദൈവം കരുണയോടെ നമ്മെ പരിപാലിക്കുകയും, ആശ്വസിപ്പിക്കുകയും, നമുക്കായി പോരാടുകയും ചെയ്യും എന്ന് ഓർക്കാം.
നിങ്ങളുടെ ജീവിതത്തിൽ യേശുവിന്റെ രൂപം ഒരു രക്ഷകർത്താവ് എന്ന വിധത്തിൽ എങ്ങനെയാണ് കാണുന്നത്? ഏതൊക്കെ വിധത്തിലാണ് അവിടുത്തെ പരിപാലനവും, ആശ്വാസവും, സംരക്ഷണവും നിങ്ങൾ അനുഭവിച്ചിട്ടുള്ളത് ?
സ്വർഗ്ഗീയ പിതാവേ, പക്ഷിക്കുഞ്ഞുങ്ങൾക്ക് അതിന്റെ തള്ളയുടെ ചിറകിൻകീഴിൽ സുരക്ഷ ലഭിക്കുന്നതു പോലെ, ഞാൻ അവിടുത്തെ വിശ്വസ്തതയിൽ അഭയം തേടട്ടെ.