തന്റെ സ്വന്തം മകനെ സംരക്ഷിക്കുന്നതിൽ തന്നെ തടയുവാൻ ഒന്നിനും കഴിയുകയില്ല എന്ന് ആ അമ്മ തെളിയിച്ചു. അഞ്ചു വയസ്സുള്ള തന്റെ മകൻ വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ നിലവിളിക്കുന്നത് അവൾ കേട്ടു. ധൃതിയിൽ പുറത്തേക്കോടിയ അവൾ അവന്റെ “കളിക്കൂട്ടുകാരനെ” കണ്ടു ഞെട്ടി- ഒരു കടുവ. ആ വലിയ കടുവ അവളുടെ മകന്റെ തല വായിലാക്കിയിരുന്നു. ആ അമ്മ തന്റെ ഉള്ളിൽ ശക്തി സംഭരിച്ച് അതിനോട് പോരടിച്ചു അതിന്റെ വായിൽ നിന്ന് തന്റെ മകനെ രക്ഷിച്ചു. ആ അമ്മയുടെ വീരോചിതമായ പ്രവർത്തി തന്റെ വചനത്തിൽ കൂടി തന്റെ മക്കൾക്കായുള്ള ദൈവത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സ്നേഹത്തെയും സംരക്ഷണത്തേയും നമ്മെ ഓർമിപ്പിക്കുന്നു.

ഒരു തള്ളക്കഴുകൻ തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പോലെ ദൈവം തന്റെ ജനത്തെ ആർദ്രതയോടെ പരിപാലിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു (ആവർത്തനം 32:10-11; യെശയ്യാവ്‌ 66:13). ഒരു അമ്മ താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയാത്തവണ്ണം ഒരു ബന്ധം ഉള്ളതുപോലെ, ദൈവം തന്റെ ജനത്തെ മറക്കുകയോ തന്റെ കരുണ വറ്റിപ്പോകയോ ഇല്ല (യെശയ്യാവ്‌ 54:7-8). അവസാനമായി, ഒരു തള്ളപ്പക്ഷി തന്റെ തൂവലുകളുടെ സംരക്ഷണയിൽ കുഞ്ഞുങ്ങളെ മറയ്ക്കുന്നതുപോലെ, ദൈവം [തന്റെ ജനത്തെ] “തന്റെ തൂവലുകളാൽ മറയ്ക്കുന്നു.” തന്റെ വിശ്വസ്തത അവർക്ക് പരിചയും പലകയും ആകുന്നു (സങ്കീർത്തനം 91:4).

ചിലപ്പോൾ നാം ഏകരും, മറക്കപ്പെട്ടവരും, എല്ലാത്തരം ആത്മീക ശത്രുക്കളാലും പിടിക്കപ്പെട്ടവുരുമായി തോന്നാം. എന്നാൽ ദൈവം കരുണയോടെ നമ്മെ പരിപാലിക്കുകയും, ആശ്വസിപ്പിക്കുകയും, നമുക്കായി പോരാടുകയും ചെയ്യും എന്ന് ഓർക്കാം.