രണ്ടു പേർ തമ്മിലുള്ള ആദ്യ സംഭാഷണത്തിൽ അവർക്ക് ഒരു പൊതു സുഹൃത്ത് ഉണ്ടെന്നറിയുന്നത് എത്ര ഹൃദ്യമാണ്. അതിന്റെ ഏറ്റവും അവിസ്മരണീയമായ രൂപത്തിൽ, ഒരു വിശാല ഹൃദയനായ ആതിഥേയൻ ഒരു അതിഥിയെ സ്വീകരിക്കുന്നത് ഏകദേശം ഇങ്ങനെയായിരിക്കും: “നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമുണ്ട്, വിജയുടെ, അല്ലെങ്കിൽ ഹീനയുടെ ഏതൊരു സുഹൃത്തും എന്റെ സുഹൃത്താണ്.”

യേശുവും ഇതിനോട് സമമായ കാര്യമാണ് പറഞ്ഞത്. അവിടുന്ന് അനേകരെ സൗഖ്യമാക്കുന്നതിലൂടെ ആളുകളെ ആകർഷിച്ചു. എന്നാൽ, മതനേതാക്കന്മാർ ദൈവാലയത്തെ വാണിഭമാക്കിയതിനെയും അവരുടെ സ്വാധീനം ദുർവിനിയോഗം ചെയ്യുന്നതിനെയും എതിർത്തുകൊണ്ട് താൻ അനേകം ശത്രുക്കളെയും സമ്പാദിച്ചു. വർദ്ധിച്ചു കൊണ്ടിരിക്കുന്ന എതിർപ്പുകൾക്ക് നടുവിലും അവിടുന്ന് തന്റെ സാന്നിദ്ധ്യത്തിന്റെ സന്തോഷവും, വിലയും, അത്ഭുതവും തന്റെ ശിഷ്യന്മാർക്ക് കൂടുതൽ നല്കുവാൻ ഒരു കാര്യം ചെയ്തു.

സൗഖ്യമാക്കുവാനുള്ള ശക്തി അവൻ അവർക്ക് നൽകി അവരെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നറിയിക്കുവാൻ പറഞ്ഞയച്ചു. “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു” (10:40) ഒപ്പം, തന്നെ അയച്ച പിതാവിനെയും കൈക്കൊള്ളുന്നു, എന്ന് താൻ അവർക്ക് ഉറപ്പു നൽകി.

ജീവിതം മാറ്റിമറിക്കുന്ന സൗഹൃദത്തിന്റെ വാഗ്ദാനത്തെക്കാൾ മികച്ച ഒരു വാഗ്ദാനം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. മറ്റുള്ളവർക്കായി തന്റെ ഭവനം തുറന്നു നൽകുകയും, തന്റെ ശിഷ്യന്മാർക്ക് ഒരു പാത്രം തണുത്ത വെള്ളം കൊടുക്കുകയും ചെയ്യുന്നവന്, പിതാവിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം യേശു വാഗ്ദാനം ചെയ്തു. ഈ ഒരു കാര്യം വളരെ വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചതെങ്കിലും, അവന്റെ വാക്കുകൾ ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നു, ചെറുതും വലുതുമായ കാരുണ്യ പ്രവർത്തിയിലൂടെയും ആതിഥ്യമര്യാദയിലൂടെയും ദൈവത്തിന്റെ സുഹൃത്തുക്കളുടെ സുഹൃത്ത് എന്ന നിലയിൽ സ്വാഗതം ചെയ്യുന്നതിനും സ്വാഗതം ചെയ്യപ്പെടാനും ഇപ്പോഴും മാർഗ്ഗങ്ങളുണ്ട്.