ജയിലിൽ ധരിക്കുന്ന വരകളുള്ള വസ്ത്രം ധരിച്ച്, ജെയിംസ് ജയിലിലെ ജിംനേഷ്യം കടന്ന്, താല്കാലികമായി ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങി; ജയിൽ ചാപ്ലിൻ അയാളെ സ്നാനപ്പെടുത്തി. ജയിലിലെ തന്നെ അന്തേവാസിയായിരുന്ന തന്റെ മകൾ ബ്രിട്ടനിയും അതേ ദിവസം തന്നെ സ്നാനമേറ്റു എന്ന വാർത്ത ജെയിംസിന്റെ സന്തോഷം ഇരട്ടിയാക്കി. സംഭവിച്ചതറിഞ്ഞ ജയിൽ ജീവനക്കാരും വികാരഭരിതരായി. “കരയാത്ത ഒരു കണ്ണും ഇല്ലായിരുന്നു”, ചാപ്ലിൻ പറഞ്ഞു. വർഷങ്ങളോളം, ജയിലിന്റെ അകത്തും പുറത്തുമായി, ബ്രിട്ടനിയും അവളുടെ പിതാവും ദൈവത്തിന്റെ പാപക്ഷമ കാത്തിരിക്കുകയായിരുന്നു. ദൈവം അവർക്ക് ഒരുമിച്ച് പുതുജീവിതം നല്കി.

തിരുവെഴുത്തിൽ മറ്റൊരു ജയിൽ സംഭവം വിവരിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം ഒരു കാരാഗൃഹ പ്രമാണിയുടെ മുഴുവൻ കുടുംബത്തെയും രൂപാന്തരപ്പെടുത്തി. “വലിയൊരു ഭൂകമ്പം “ഉണ്ടായി, ജയിൽ കുലുങ്ങി, ” കാരാഗൃഹത്തിന്റെ വാതിൽ ഒക്കെയും തുറന്നു പോയി,” പൗലോസും ശീലാസും ഓടിപ്പോകാതെ തടവറയിൽ തന്നെ കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 16:26 – 28). ഇവർ ഓടിപ്പോകാത്തതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാരാഗൃഹ പ്രമാണി അവരെ തന്റെ വീട്ടിൽ കൊണ്ടു പോയി. എന്നിട്ട് ജീവിതത്തെ മാറ്റിമറിച്ച ആ ചോദ്യം ചോദിച്ചു: “രക്ഷപ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യേണം?” (വാ.30)

“കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും…” (വാ.31) അവർ ഉത്തരം പറഞ്ഞു. വ്യക്തികളിൽ മാത്രമല്ല, മുഴുകുടുംബത്തിന്റെ മേലും കൃപ ചൊരിയാനുള്ള ദൈവത്തിന്റെ താല്പര്യമാണ് ഈ മറുപടിയിൽ കാണുന്നത്. ദൈവസ്നേഹത്തിന്റെ ഇടപെടലിൽ കാരാഗൃഹപ്രമാണിയുടെ കുടുംബം മുഴുവനും ദൈവത്തിൽ വിശ്വസിച്ചു (വാ. 34). നമുക്ക് പ്രിയപ്പെട്ടവരുടെ രക്ഷക്കായി നാം ആകാംഷയുള്ളവരായിരിക്കുമ്പോൾ അതിനെക്കാൾ അധികമായി ദൈവം അവരെ സ്നേഹിക്കുന്നു എന്നതിൽ നമുക്ക് ഉറച്ചിരിക്കാം. അവൻ നമ്മെയും നമ്മുടെ മുഴുകുടുംബത്തെയും രൂപാന്തരപ്പെടുത്താൻ താല്പര്യപ്പെടുന്നു.