ഞാൻ ഓർഡർ ചെയ്ത് ലഭിച്ച മേശയുടെ പെട്ടി ഞാൻ തുറന്നു. ഓരോ ഭാഗവും നിരത്തി വെച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. മനോഹരമായ മേശയുടെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചപ്പോൾ ഒരു കാല് കുറവുളളതായി കണ്ടു. എല്ലാക്കാലുകളും ഇല്ലാതെ മേശ നിർത്താൻ പറ്റില്ല; അത് ഉപയോഗശൂന്യമായിത്തീർന്നു.
മേശ മാത്രമല്ല ഒരു പ്രധാന ഭാഗം ഇല്ലെങ്കിൽ പ്രയോജനരഹിതമാകുന്നത്. 1 കൊരിന്ത്യർ ലേഖനത്തിൽ പൗലോസ് വായനക്കാരോട് പറയുന്നത് അവരുടെ ജീവിതത്തിൽ ഒരു അനിവാര്യഘടകത്തിന്റെ കുറവുണ്ട് എന്നാണ്. വിശ്വാസികൾ നിരവധി ആത്മവരങ്ങൾ ഉള്ളവരായിരുന്നു, എന്നാൽ അവർക്ക് സ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു.
അല്പം അതിശയോക്തി ഉപയോഗിച്ചാണ് പൗലോസ് തന്റെ ആശയം അവതരിപ്പിക്കുന്നത്. അവർക്ക് സകല ജ്ഞാനവും ഉണ്ടായാലും, അവർക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, മനഃപൂർവ്വമായി കഷ്ടത സഹിച്ചാലും സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലമായിത്തീരും (1 കൊരിന്ത്യർ 13:1-3). എല്ലാ പ്രവൃത്തികളും സ്നേഹത്താൽ പ്രചോദിതമായിരിക്കണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു; എല്ലാം പൊറുക്കുന്ന, എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, എല്ലാം സഹിക്കുന്ന ആ സ്നേഹത്തിന്റെ മനോഹാരിത എത്ര ഹൃദയസ്പർശിയായാണ് താൻ വിവരിച്ചിരിക്കുന്നത് (വാ. 4-7).
നാം നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ, പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒക്കെ നമ്മുടെ ആത്മവരങ്ങൾ ഉപയോഗിക്കുമ്പോൾ അതെല്ലാം സ്നേഹത്തിൽ ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത് എന്ന കാര്യം മറക്കരുത്. അല്ലെങ്കിൽ അത് ഒരു കാല് ഇല്ലാത്ത മേശ പോലെയാകും. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം സാധ്യമാകാതെ പോകും.
സ്നേഹമെന്ന ഘടകം നഷ്ടപ്പെട്ടു പോയി എന്ന് തോന്നിയ സന്ദർഭമുണ്ടോ? സ്നേഹം ഏറ്റവും അനിവാര്യമായ ഘടകമാണെന്നതിന് ഒരു ഉദാഹരണം പറയാമോ?
സ്വർഗ്ഗീയ പിതാവേ, അവിടുന്ന് സകലതും സ്നേഹത്തിൽ ചെയ്യുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അങ്ങയെപ്പോലെ സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കേണമേ.