ഇന്ത്യയിലെ റോഡ് യാത്ര നിങ്ങളെ ചില അപകടകരമായ റോഡുകളിൽ എത്തിക്കും. ജമ്മു കാശ്മീരിലെ “കില്ലർ – കിഷ്ത്വാർ റോഡ് ” ആണ് അതിൽ ഒന്നാമത്തേത്. വടക്കുപടിഞ്ഞാറേക്ക് നീങ്ങിയാൽ ഗുജറാത്തിലെ ദൂമാസ് ബീച്ച് അടുക്കുമ്പോൾ നിങ്ങൾ ഭീതിദമായ മനോനിലയിലാകും. മദ്ധ്യ ഭാരതത്തിലേക്ക് നീങ്ങിയാൽ, ചത്തീസ്ഗഡിലെ ബസ്തർ എന്ന അപകടകരമായ സ്ഥലത്ത് എത്തിയാൽ ഒന്ന് നിർത്താൻ പോലും നിങ്ങൾ ധൈര്യപ്പെടില്ല. തെക്കോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ കൊല്ലി ഹിൽ റോഡ് നിങ്ങളെ ഒരു ഭൂതത്തെപ്പോലെ ഭയപ്പെടുത്തും. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയുടെ മണ്ണിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടെന്ന് ഓർക്കണം.
ചിലപ്പോൾ ജീവിതയാത്രയും യഥാർത്ഥമായി ഇതുപോലെയാണ്. ഇസ്രായേലിന്റെ മരുഭൂമിയാത്ര നാം നമ്മുടെ ജീവിത യാത്രയോട് ചേർത്ത് ചിന്തിക്കാറുണ്ട്. (ആവർത്തനം 2:7). നമ്മുടെ ജീവിതവും അതുപോലെ പ്രയാസകരമാകാം. എന്നാൽ മറ്റ് ചില സാധർമ്യങ്ങളും നമുക്ക് കണ്ടെത്താനാകില്ലേ? നാം നമ്മുടെ ജീവിതയാത്രക്ക്, ദൈവത്തെ കൂടാതെ, സ്വന്തം കാര്യപരിപാടി തയ്യാറാക്കാറില്ലേ? (1:42-43) ഇസ്രായേൽമക്കളെ പോലെ, നാം നമ്മുടെ ആഗ്രഹപൂർത്തികരണത്തിനായി പിറുപിറുക്കുന്നു (സംഖ്യ 14:2). അനുദിന പ്രയാസങ്ങളിൽ നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു (വാ.11). ഇസ്രായേലിന്റെ ചരിത്രം നമ്മുടെ ജീവിതത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നു.
നാം അവിടുത്തെ പാതകൾ പിന്തുടർന്നാൽ, ഈ ലോകത്തിലെ അപകട വഴികൾ നമ്മെ എത്തിക്കുന്നതിനേക്കാൾ നല്ലയിടങ്ങളിൽ എത്തിക്കാമെന്ന് ദൈവം ഉറപ്പ് തരുന്നു. ഒന്നിനും കുറവില്ലാത്ത വിധം അവൻ നമ്മെ കരുതും (ആവർത്തനം 2: 7; ഫിലിപ്പിയർ 4:19). ഇതൊക്കെയറിയാമെന്നിട്ടും അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. ദൈവത്തിന്റെ റോഡ്മാപ്പ് പ്രകാരം തന്നെ നാം സഞ്ചരിക്കണം.
വീണ്ടും നമ്മുടെ യാത്ര തുടർന്ന്, ഭയാനകമായ കൊല്ലിഹില്ലിൽ നിന്നും ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ “ദൈവത്തിന്റെ സ്വന്തം നാടായ” കേരളത്തിലെ പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ വയനാട്ടിൽ എത്തിച്ചേരും. നമ്മുടെ പാതകളെ നിയന്ത്രിക്കുവാൻ നാം ദൈവത്തെ അനുവദിച്ചാൽ (സങ്കീർത്തനങ്ങൾ 119:35), നാം അവിടുത്തോടുകൂടെ ആനന്ദപൂർവ്വം യാത്ര ചെയ്യും; ഇതെത്ര അനുഗ്രഹകരമായ ഉറപ്പാണ്!
ദൈവത്തിന്റെ മാർഗ്ഗ നിർദ്ദേശം അവഗണിച്ച് നിങ്ങൾ സ്വന്തം വഴികളിൽ സഞ്ചരിച്ച അനുഭവമുണ്ടോ? നിങ്ങൾ നിരാശപ്പെട്ട് പിറുപിറുത്തിട്ടുള്ളത് എന്തിനാണ്?
വിശ്വസ്തനായ ദൈവമേ, അങ്ങയുടെ പാതകൾ പിൻപറ്റുന്നതിൽ എനിക്ക് വന്ന വീഴ്ച ക്ഷമിക്കേണമേ. അങ്ങയുടെ പരിപാലനത്തെ സംശയിച്ചതിൽ ഞാൻ ഖേദിക്കുന്നു. അങ്ങയുടെ സുനിശ്ചിതമായ പാതകളിൽ ശരണപ്പെടുവാൻ സഹായിക്കണമേ.