ശില്പയും അജയ്യും ആകർഷകമായ ആ സ്ഥലത്ത് ഉല്ലാസപൂർവം മധുവിധു ആഘോഷിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അജയ്യുടെ കാലിൽ ചൊറിച്ചിലും തടിപ്പും കാണപ്പെട്ടു. ഒരു പകർച്ചവ്യാധി വിദഗ്ദനെ അവർ കണ്ടു. പുതിയ ചെരിപ്പ് ധരിച്ചപ്പോൾ ഉണ്ടായ കുമിളകളിൽ കൂടി അണുക്കൾ പ്രവേശിച്ച് ഉണ്ടായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസത്തോടെ ആരംഭിച്ച ആഘോഷം അനാവശ്യമായി വന്നു ചേർന്ന “അതിഥികൾ” മൂലം പ്രയാസകരമായ അനുഭവമായി മാറി.

പാപത്തോട് പോരാടുവാൻ ദൈവത്തോട് സഹായം ചോദിച്ചില്ലെങ്കിൽ, ആവശ്യമില്ലാതെ വന്നു ചേരുന്ന അതിഥികളായ പാപവും മത്സരവും ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കാനുള്ള തന്റെ ഹൃദയാഭിലാഷത്തിന് വിലങ്ങുതടിയാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. പ്രകൃതിയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എങ്ങനെയെന്നും (സങ്കീർത്തനങ്ങൾ 19:1-6), ദൈവിക കല്പനകളിൽ അടങ്ങിയ ജ്ഞാനം എത്രയധികമെന്നും (വാ. 7-10) വിവരിച്ച ശേഷം, ദാവീദ് മനഃപൂർവ്വവും മനഃപൂർവ്വമല്ലാത്തതും ആയ എല്ലാ അനുസരണക്കേടിൽ നിന്നും തന്നെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു. “മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണമേ; സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കണമേ” (വാ.12, 13). പാപമെന്ന പകർച്ചവ്യാധി ബാധിക്കാതെ തടയാൻ യാതൊരു മാനുഷിക പ്രയത്നത്തിനും സാധിക്കുകയില്ലെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് ബുദ്ധിപൂർവ്വം അദ്ദേഹം ദൈവത്തിന്റെ സഹായം തേടി.

ദൈവത്തെ മാനിച്ച് ജീവിക്കാനുള്ള നമ്മുടെ സ്വപ്നത്തെ പാപം തട്ടിത്തെറിപ്പിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും? ദൈവത്തിലേക്ക് തന്നെ കണ്ണുകളുയർത്താം, പാപം ഏറ്റു പറഞ്ഞ് അനുതപിക്കാം, ജീവിതത്തിൽ തുരന്നുകയറുന്ന അനാവശ്യമായ ആത്മീയ പരാദങ്ങളെ അകറ്റി നിർത്താൻ ദൈവിക സഹായം തേടാം.