ഇന്ത്യയിലെ രണ്ട് സഹോദരിമാർ അന്ധരായാണ് ജനിച്ചത്. പിതാവ് ഒരു കഠിനാദ്ധ്വാനിയായ വ്യക്തി ആയിരുന്നുവെങ്കിലും കാഴ്ചലഭിക്കാനുള്ള ശസ്ത്രക്രിയ ചെയ്യിക്കാനുള്ള സാമ്പത്തിക ശേഷി അയാൾക്കില്ലായിരുന്നു. അപ്പോഴാണ് മെഡിക്കൽ മിഷൻ ഡോക്ടർമാരുടെ ഒരു സംഘം ആ പ്രദേശത്ത് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം നഴ്സ് കണ്ണിലെ ബാൻഡേജ് അഴിച്ചപ്പോൾ ആ പെൺകുട്ടികൾ വിടർന്ന് പുഞ്ചിരിച്ചു.” അമ്മേ, എനിക്ക് കാണാം! എനിക്ക് കാണാം!” അവർ ആശ്ചര്യഭരിതരായി.
ജന്മനാ മുടന്തനായ ഒരാൾ ദൈവാലയത്തിന്റെ ഗേറ്റിനരികിൽ തന്റെ സ്ഥിരം ഭിക്ഷാടന സ്ഥലത്ത് ഇരിക്കുകയായിരുന്നു. തന്റെ കയ്യിൽ നാണയമൊന്നുമില്ല, എന്നാൽ അതിനേക്കാൾ മെച്ചമായ ഒന്നുണ്ട് എന്ന് പത്രോസ് അയാളോട് പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” (അപ്പൊ. പ്രവൃത്തി 3:6). ആ മനുഷ്യൻ “കുതിച്ചെഴുന്നേറ്റ് നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടു കൂടെ ദൈവാലയത്തിൽ കടന്നു.” (വാ.8)
ഈ സഹോദരിമാരും ഈ മനുഷ്യനും, അവരുടെ കണ്ണുകളും കാലുകളും ഇതുവരെ കുരുടരോ മുടന്തരോ ആയിട്ടില്ലാത്തവരേക്കാൾ, എത്രയധികം ആസ്വദിച്ചിട്ടുണ്ടാകും. ആ പെൺകുട്ടികൾക്ക് ആശ്ചര്യവും ആനന്ദവും മൂലം കണ്ണുകൾ അടക്കുന്നതും തുറക്കുന്നതും നിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല; ആ മനുഷ്യനാകട്ടെ കുതിച്ചു ചാടുന്നതും.
നിങ്ങളുടെ സ്വാഭാവിക കഴിവുകളെപ്പറ്റി ചിന്തിച്ചു നോക്കൂ. അത്ഭുതകരമായ ഒരു സൗഖ്യം ലഭിച്ചിരുന്നെങ്കിൽ ആ കഴിവുകൾ നിങ്ങൾ എത്രയധികം ആസ്വദിക്കുകയും വ്യത്യസ്തമായി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു! ഇങ്ങനെ ചിന്തിക്കാം. നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ ആത്മീയമായി സൗഖ്യമാക്കിയിരിക്കുന്നു. നിങ്ങളുടെ പാപങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചിരിക്കുന്നു.
നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവനെ സ്തുതിക്കുകയും അവൻ പ്രദാനം ചെയ്തതെല്ലാം അവന് സമർപ്പിക്കുകയും ചെയ്യാം.
നിങ്ങളുടെ സ്വാഭാവിക കഴിവുകളെ നിങ്ങൾ എങ്ങനെ യേശുവിനായി ഉപയോഗിക്കും? നിങ്ങൾക്കുള്ള ഏതു സാധ്യതയെയും ഉപയോഗിച്ച് സേവനം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്താൻ കഴിയുന്നുണ്ടോ? അത് നല്കുന്ന ആനന്ദത്തിനായി ദൈവത്തിന് നന്ദി പറയാം.
പിതാവേ, അങ്ങയെ കേൾക്കാവുന്ന ചെവികൾക്കും സ്തുതിക്കാവുന്ന അധരങ്ങൾക്കും ശുശ്രൂഷിക്കാവുന്ന കൈകൾക്കും കാലുകൾക്കുമായി നന്ദി.