ഒരു വലിയ പെയിന്റിംഗ് കണ്ട് അത് ആസ്വദിക്കാനായി ആ ദമ്പതികൾ അതിന്റെയടുത്ത് ചെന്നു. ചിത്രത്തിന്റെ ചുവട്ടിൽ തുറന്നുവെച്ച പെയിന്റ് പാത്രങ്ങളും ബ്രഷും കണ്ടപ്പോൾ, ഇത് പൂർത്തിയാകാത്ത ചിത്രമാണെന്നും ആർക്കും അതിൽ ചേർന്നു വരക്കാമെന്നും അവർ വിചാരിച്ചു; ചില വരകൾ അവരും നടത്തിയിട്ട് പോയി. ചിത്രകാരൻ തന്റെ പൂർത്തിയായ ചിത്രത്തിന്റെ പ്രദർശനത്തിന് ഒരു വൈവിധ്യമായിട്ട് മാത്രമായിരുന്നു പെയിന്റും ബ്രഷും അവിടെ വെച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സംഘാടകർക്ക് ഇതിൽ സംഭവിച്ച തെറ്റിദ്ധാരണ ബോധ്യപ്പെട്ടതുകൊണ്ട് ആ ദമ്പതികളെ വെറുതെ വിട്ടു.
യോർദ്ദാന്റെ കിഴക്ക് താമസിച്ചിരുന്ന ഇസ്രായേൽക്കാർ ഒരു വലിയ യാഗപീഠം പണിതത് തെറ്റിദ്ധാരണയുളവാക്കി. സമാഗമനകൂടാരമല്ലാതെ മറ്റൊരു ഇടവും ആരാധനക്കായി ദൈവം അംഗീകരിച്ചിട്ടില്ലാതിരിക്കെ, ഇതൊരു മത്സര നീക്കമായി മറ്റ് ഇസ്രായേല്യർ കണക്കാക്കി (യോശുവ 22:16).
വലിയ സംഘർഷം ഉടലെടുത്തു; എന്നാൽ ഇത് യാഗപീഠത്തിന്റെ ഒരു മാതൃക മാത്രമായിരുന്നു എന്ന് കിഴക്കേ ഗോത്രക്കാർ വിശദീകരിച്ചു. അവരുടെ വരും തലമുറകളെ മറ്റ് ഇസ്രായേൽ ഗോത്രങ്ങളുമായുള്ള ആത്മീയ ബന്ധവും പാരമ്പര്യവും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായിട്ടായിരുന്നു അവരത് നിർമ്മിച്ചത് (വാ. 28, 29). അവർ പറഞ്ഞു: “സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ…അറിയുന്നു ” (വാ.22). ഭാഗ്യവശാൽ, മറ്റുള്ളവർക്ക് അത് ബോധ്യമായി. എന്താണ് സംഭവിക്കുന്നത് എന്ന് അവർ കണ്ട് മനസ്സിലാക്കി, ദൈവത്തെ സ്തുതിച്ച്, മടങ്ങിപ്പോയി.
“യഹോവ സർവ്വഹൃദയങ്ങളേയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളുമെല്ലാം ഗ്രഹിക്കുകയും ” (1 ദിനവൃത്താന്തം 28: 9) ചെയ്യുന്നതുകൊണ്ട്, ഓരോരുത്തരുടെയും താല്പര്യങ്ങൾ അവിടുത്തേക്ക് അറിയാം. ആശയക്കുഴപ്പങ്ങളുടെ സന്ദർഭങ്ങളിൽ ദൈവത്തോട് നാം സഹായം അഭ്യർത്ഥിച്ചാൽ, നമ്മെത്തന്നെ വിശദീകരിക്കുന്നതിനും മറ്റുള്ളവരുടെ ചെയ്തികൾ ക്ഷമിക്കുന്നതിനും ഒക്കെ ദൈവം ഇട വരുത്തും. ഐക്യം നിലനിർത്താനായി പാടുപെടുമ്പോഴെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാം.
മററുള്ളവരുമായുള്ള ഐക്യത്തിന് നിങ്ങൾ എത്രത്തോളം മൂല്യം കല്പിക്കുന്നുണ്ട്? ചിലപ്പോഴെങ്കിലും മറ്റ് വിശ്വാസികളോട് സ്നേഹപൂർവ്വം വിയോജിക്കേണ്ടി വരുമെന്നത് യാഥാർത്ഥ്യമല്ലേ?
ദൈവമേ, എന്റെ ഏറ്റവും വലിയ താല്പര്യം അങ്ങയെ ബഹുമാനിക്കുക എന്നതായിരിക്കണമേ. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ ശ്രദ്ധാപൂർവം കേൾക്കുന്നയാളും താഴ്മയോടെ സംസാരിക്കുന്നയാളുമായി എന്നെ മാറ്റേണമേ.