ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഒരു പുതിയ വിശ്വാസിയായ പണ്ഡിത രമാഭായി, ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ആര്യ മഹിളാ സമാജ് എന്ന പ്രസ്ഥാനം ആരംഭിച്ച് പ്രശ്നത്തെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും തീരുമാനിച്ചു. നിരവധി പ്രതിബന്ധങ്ങളും ഭീഷണികളും നേരിട്ടിട്ടും അവർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. അവൾ ഒരിക്കൽ പറഞ്ഞതുപോലെ, “ദൈവത്തിനു പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന് ഭയപ്പെടാനൊന്നുമില്ല, നഷ്ടപ്പെടാനൊന്നുമില്ല, പശ്ചാത്തപിക്കാനൊന്നുമില്ല.’’
പേർഷ്യയിലെ രാജ്ഞിയായ എസ്ഥേർ, തന്റെ ജനതയെ വംശഹത്യ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമത്തിനെതിരെ സംസാരിക്കാൻ മടിച്ചപ്പോൾ, അവൾ മിണ്ടാതിരുന്നാൽ അവളും അവളുടെ കുടുംബവും നശിച്ചുപോകുമെന്ന് അമ്മാവൻ മുന്നറിയിപ്പ് നൽകി (എസ്ഥേർ 4:13-14). ധീരത പുലർത്താനും നിലപാടെടുക്കാനുമുള്ള സമയമാണിതെന്ന് അറിയാമായിരുന്ന മൊർദെഖായി ചോദിച്ചു, “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?’’ (വാ. 14). നാം വിളിക്കപ്പെടുന്നത് അനീതിക്കെതിരെ ശബ്ദമുയർത്താനായാലും, അല്ലെങ്കിൽ നമ്മെ വിഷമിപ്പിച്ച ആരോടെങ്കിലും ക്ഷമിക്കുന്നതിനായാലും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദൈവം നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് ബൈബിൾ ഉറപ്പു നൽകുന്നു (എബ്രായർ 13:5-6). നമുക്ക് ഭയം തോന്നുന്ന നിമിഷങ്ങളിൽ സഹായത്തിനായി നാം ദൈവത്തിലേക്കു നോക്കുമ്പോൾ, നമ്മുടെ ദൗത്യം പൂർത്തീകരിക്കുന്നതിനായി അവൻ നമുക്കു “ശക്തിയും സ്നേഹവും സ്വയ-ശിക്ഷണവും’’ നൽകും (2 തിമൊഥെയൊസ് 1:7).
എന്തു ചെയ്യുന്നതിനായിരിക്കാം ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നത്? വിളിക്ക് ഉത്തരം നൽകാൻ ഇതിനകം ഏതെല്ലാം സഹായോപകരണങ്ങളാണ് ദൈവം നൽകിയിട്ടുള്ളത്?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ജീവിതത്തിൽ ഒരു അതുല്യമായ വിളി നൽകിയതിനു നന്ദി. വിശ്വാസത്തിൽ ചുവടു വയ്ക്കുന്നതിൽ നിന്ന് എന്നെ തടയുന്ന ഭയത്തെ മറികടക്കാൻ എന്നെ സഹായിക്കണമേ.