ഇരുമ്പുടുപ്പുള്ള വണ്ടുകൾ ശത്രുക്കളിൽ നിന്ന് അവയെ സംരക്ഷിക്കുന്ന കടുപ്പമുള്ള പുറംതോടു നിമിത്തം പേരുകേട്ടതാണ്. എന്നിരുന്നാലും, ഒരു പ്രത്യേക ഇനത്തിന് സമ്മർദ്ദത്തെ താങ്ങാനുള്ള അസാധാരണമായ ശക്തിയുണ്ട്. പ്രാണിയുടെ കഠിനമായ പുറംതോട് ശരീരത്തിൽ ഒരുമിച്ചു ചേരുന്ന വിള്ളലുകളേക്കാൾ നീണ്ടുകിടക്കുന്നു. അതിന്റെ പരന്ന പുറവും ശ്രദ്ധയാകർഷിക്കാത്ത നിർമ്മിതിയും ചതവുകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ശരീരഭാരത്തിന്റെ ഏകദേശം 40,000 മടങ്ങ് സമ്മർദ്ദ ശക്തിയെ അതിജീവിക്കാൻ ഇതിന് കഴിയുമെന്ന് ശാസ്ത്രീയ പരിശോധനകൾ കാണിക്കുന്നു.
ദൈവം ഈ പ്രാണിയെ കൂടുതൽ കഠിനമാക്കിയതുപോലെ, അവൻ യിരെമ്യാവിനും പ്രതിരോധശേഷി നൽകി. യിസ്രായേലിന് ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ നൽകുമ്പോൾ പ്രവാചകനു കടുത്ത സമ്മർദ്ദം നേരിടേണ്ടി വരും, അതിനാൽ ദൈവം അവനെ “ഇരിമ്പുതൂണും താമ്രമതിലുകളും’’ ആക്കുമെന്നു വാഗ്ദാനം ചെയ്തു (യിരെമ്യാവ് 1:18). പ്രവാചകൻ നിരപ്പാക്കപ്പെടുകയോ പൊളിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുകയില്ല. ദൈവത്തിന്റെ സാന്നിധ്യവും രക്ഷാശക്തിയും നിമിത്തം അവന്റെ വാക്കുകൾ ശക്തമായി നിലകൊള്ളും.
ജീവിതത്തിലുടനീളം, യിരെമ്യാവിനെ തെറ്റായി കുറ്റം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും മർദിക്കുകയും തടവിലിടുകയും കിണറ്റിലേക്കു വലിച്ചെറിയുകയും ചെയ്തു … എന്നിട്ടും അവൻ അതിജീവിച്ചു. ആന്തരിക പോരാട്ടങ്ങളുടെ ഭാരമുണ്ടായിട്ടും യിരെമ്യാവ് ഉറച്ചുനിന്നു. സംശയവും സങ്കടവും അവനെ അലട്ടി. നിരന്തരമായ തിരസ്കരണവും ബാബിലോണിയൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയവും അവന്റെ മാനസിക സമ്മർദ്ദം കൂട്ടി.
അവന്റെ ആത്മാവും സാക്ഷ്യവും തകർന്നുപോകാതിരിക്കാൻ ദൈവം യിരെമ്യാവിനെ നിരന്തരം സഹായിച്ചു. ദൈവം നമുക്കു നൽകിയ ദൗത്യം ഉപേക്ഷിക്കാനോ അല്ലെങ്കിൽ വിശ്വാസപൂരിതമായ ജീവിതത്തിൽ നിന്ന് പിന്മാറാനോ തോന്നുമ്പോൾ, യിരെമ്യാവിന്റെ ദൈവമാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഓർക്കാം. നമ്മുടെ ബലഹീനതയിൽ അവന്റെ ശക്തി തികഞ്ഞുവരുന്നതിനാൽ അവനു നമ്മെ ഇരുമ്പു പോലെ ശക്തരാക്കാൻ കഴിയും (2 കൊരിന്ത്യർ 12:9).
ഏതു സാഹചര്യങ്ങളാണ് നിങ്ങളെ തകർക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്? നിങ്ങൾ സമ്മർദം നേരിടുമ്പോൾ ദൈവത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കാൻ ബൈബിൾ കഥാപാത്രങ്ങളുടെ ഉദാഹരണങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കുന്നത് എങ്ങനെയാണ്?
പ്രിയ ദൈവമേ, ഇന്നു ഞാൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ എന്നെ ശക്തിപ്പെടുത്തണമേ. അങ്ങയിൽ ഞാൻ ശക്തനായി നിലകൊള്ളുന്നതിന് അങ്ങയുടെ ആത്മാവ് എന്റെ വാക്കുകളെയും പ്രവൃത്തികളെയും നയിക്കണമേ.