എട്ട് വയസ്സുള്ള ഗബ്രിയേലിന്റെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം, അവന്റെ തലയുടെ വശത്ത് ശ്രദ്ധേയമായ ഒരു പാട് അവശേഷിച്ചു. തനിക്ക് ഒരു രാക്ഷസനെപ്പോലെ തോന്നുന്നു എന്നു കുട്ടി പറഞ്ഞപ്പോൾ, അവന്റെ പിതാവ് ജോഷിന് ഒരു ആശയം തോന്നി: താൻ മകനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു തെളിയിക്കുന്നതിനായി ഗബ്രിയേലിന്റെ വടുവിന്റെ അതേ ആകൃതിയിൽ തന്റെ തലയുടെ വശത്ത് ടാറ്റൂ വരയ്ക്കുക.

സങ്കീർത്തനക്കാരന്റെ അഭിപ്രായത്തിൽ, ദൈവത്തിന് “തന്റെ മക്കളോട്’’ (സങ്കീ. 103:13) ഇതുപോലെയുള്ള സഹാനുഭൂതിയും മനസ്സലിവും നിറഞ്ഞ സ്‌നേഹമാണുള്ളത്. മനുഷ്യജീവിതത്തിൽ നിന്നുള്ള ഒരു രൂപകം ഉപയോഗിച്ച്, ദാവീദ് ദൈവസ്‌നേഹത്തെ ചിത്രീകരിച്ചു. ഒരു നല്ല പിതാവ് തന്റെ മക്കളെ പരിപാലിക്കുന്നതുപോലെ ആർദ്രമാണതെന്ന് അവൻ പറഞ്ഞു (വാ. 17). ഒരു മനുഷ്യ പിതാവ് തന്റെ മക്കളോട് അനുകമ്പ കാണിക്കുന്നതുപോലെ, നമ്മുടെ സ്വർഗീയ പിതാവായ ദൈവം തന്നെ ഭയപ്പെടുന്നവരോട് സ്‌നേഹവും കരുതലും കാണിക്കുന്നു. തന്റെ ജനത്തോടു സഹതപിക്കുന്ന മനസ്സലിവുള്ള ഒരു പിതാവാണ് അവൻ.

നാം ബലഹീനരായിരിക്കുകയും ജീവിതത്തിന്റെ മുറിപ്പാടുകൾ നിമിത്തം നാം സ്‌നേഹിക്കപ്പെടാത്തവരാണെന്ന് തോന്നുകയും ചെയ്യുമ്പോൾ, നമ്മോടുള്ള നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ സ്‌നേഹം വിശ്വാസത്താൽ നമുക്കു സ്വീകരിക്കാം. നമ്മുടെ രക്ഷ്യക്കായി “നമുക്കുവേണ്ടി പ്രാണനെ വെച്ചുതരുവാൻ’’ (1 യോഹന്നാൻ 3:16) വേണ്ടി തന്റെ പുത്രനെ അയച്ചുകൊണ്ട് അവൻ തന്റെ മനസ്സലിവു പ്രകടമാക്കി. ഈ ഒരു പ്രവൃത്തി കൊണ്ട് നമുക്കു ദൈവത്തിനു നമ്മോടുള്ള സ്‌നേഹം അനുഭവിക്കാൻ മാത്രമല്ല, ക്രൂശിലേക്കു നോക്കി അത് കാണാനും കഴിയും. “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ’’ കഴിയുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ടായതിൽ നിങ്ങൾക്ക് സന്തോഷമില്ലേ? (എബ്രായർ 4:15)? അത് തെളിയിക്കാനുള്ള മുറിപ്പാടുകൾ അവന്റെ പക്കലുണ്ട്.