ഏഴുവയസ്സുകാരനായ തോമസ് എഡിസൺ സ്‌കൂളിൽ പോകാനിഷ്ടപ്പെടുകയോ നന്നായി പഠിക്കുകയോ ചെയ്തില്ല. ഒരു ദിവസം, ഒരു അധ്യാപകൻ അവനെ “മാനസിക വൈകല്യമുള്ളവൻ’’ എന്നുപോലും വിളിച്ചു. അവൻ കലിതുള്ളി വീട്ടിലെത്തി. അടുത്ത ദിവസം അധ്യാപകനുമായി സംസാരിച്ച ശേഷം, പരിശീലനം ലഭിച്ച അധ്യാപികയായ അവന്റെ അമ്മ, തോമസിനെ വീട്ടിൽ പഠിപ്പിക്കാൻ തീരുമാനിച്ചു. അവളുടെ സ്‌നേഹവും പ്രോത്സാഹനവും (ദൈവം നൽകിയ പ്രതിഭയും) മൂലം തോമസ് ഒരു മികച്ച കണ്ടുപിടുത്തക്കാരനായി മാറി. പിന്നീട് അദ്ദേഹം എഴുതി, “എന്റെ അമ്മ എന്നെ നിർമ്മിച്ചു. അവൾ വളരെ സത്യമാണ്, എന്നെക്കുറിച്ച് വളരെ ഉറപ്പായിരുന്നു, എനിക്ക് ജീവിക്കാൻ ഒരാളുണ്ടെന്ന് എനിക്കു തോന്നി, ഞാൻ നിരാശപ്പെടുത്തരുത്.’’

പ്രവൃത്തികൾ 15 ൽ, യോഹന്നാൻ മർക്കൊസിനെ കൂട്ടിക്കൊണ്ടുപോകണോ വേണ്ടയോ എന്ന കാര്യത്തിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടാകുന്നതുവരെ ബർന്നബാസും അപ്പൊസ്തലനായ പൗലൊസും മിഷനറിമാരായി ഒരുമിച്ച് സേവനമനുഷ്ഠിച്ചുവെന്ന് നാം വായിക്കുന്നു. പൗലൊസ് എതിർത്തതിനു കാരണം മർക്കൊസ് മുമ്പെ പംഫുല്യയിൽനിന്ന് അവരെ വിട്ടുപോയി എന്നതായിരുന്നു (വാ. 36-38). തത്ഫലമായി, പൗലൊസും ബർന്നബാസും വേർപിരിഞ്ഞു. പൗലൊസ് ശീലാസിനെയും ബർന്നബാസ് മർക്കൊസിനെയും കൂടെക്കൂട്ടി. മർക്കൊസിനു രണ്ടാമതൊരവസരം നൽകാൻ ബർന്നബാസ് തയ്യാറായിരുന്നു, അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒരു മിഷനറിയായി സേവിക്കാനും വിജയിക്കാനുമുള്ള മർക്കൊസിന്റെ കഴിവിന് കാരണമായി. അവൻ മർക്കൊസിന്റെ സുവിശേഷം എഴുതുകയും തടവിലായിരിക്കുമ്പോൾ പൗലൊസിന് ആശ്വാസം നൽകുകയും ചെയ്തു (2 തിമൊഥെയൊസ് 4:11).

നമ്മിൽ പലർക്കും തിരിഞ്ഞു നോക്കി, നമ്മുടെ ജീവിതത്തിൽ നമ്മെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയും. നിങ്ങളുടെ ജീവിതത്തിൽ ആർക്കെങ്കിലും വേണ്ടി അതുപോലെ ചെയ്യാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടാകാം. നിങ്ങൾക്ക് ആരെ പ്രോത്സാഹിപ്പിക്കാനാവും?